എഥനോള്‍ മിശ്രിത ഇന്ധന നയം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: പിന്‍വലിച്ചില്ലെങ്കില്‍ ജനകീയ പ്രതിഷേധമെന്ന് സിപിഐഎം
ജനങ്ങളുടെ താല്‍പര്യങ്ങളെക്കാള്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തിനാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നതിന്റെ തെളിവാണ് ഈ നയമെന്നും സിപിഐഎം വിമര്‍ശിച്ചു.
എഥനോള്‍ മിശ്രിത ഇന്ധന നയത്തിന്റെ വ്യാപകമായ പ്രത്യാഘാതങ്ങളില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ. എഥനോള്‍ കലര്‍ത്തിയ ഇന്ധനം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സൃഷ്ടിക്കുന്നുവെന്ന ആശങ്ക ചൂണ്ടിക്കാട്ടി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് അയച്ച കത്ത് ഈ നയവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതായി പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ കത്ത് പിന്നീട് പിന്‍വലിച്ചെങ്കിലും കത്തില്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് അതുകൊണ്ട് യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
'എഥനോള്‍ കലര്‍ത്തിയ ഇന്ധനം ശുദ്ധ പെട്രോളിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നായിരുന്നു എഥനോള്‍ മിശ്രിത നയം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. എഥനോള്‍ മിശ്രിതം നടപ്പിലാക്കുന്നതിന് മുമ്പുണ്ടായിരുന്ന പെട്രോളിന്റെ അതേ വിലയ്ക്കാണ് എന്നാല്‍ നിലവില്‍ E20 ഇന്ധനം വില്‍ക്കപ്പെടുന്നത്. ഈ ഇന്ധനം കുറഞ്ഞ മൈലേജും വാഹനഭാഗങ്ങളില്‍ കൂടുതല്‍ തേയ്മാനവും ഉണ്ടാക്കുന്നുവെന്ന ആശങ്കയും നിലനില്‍ക്കുന്നു. വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമതയെയും പരിപാലനച്ചെലവിനെയും കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്ന് സാഹചര്യമുണ്ടെന്ന്' ചൂണ്ടിക്കാണിച്ച സിപിഐഎം പകരം ശുദ്ധ പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് എഥനോള്‍ മിശ്രിത ഇന്ധനം ഉപയോഗിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും ചൂണ്ടിക്കാണിച്ചു.
ഭക്ഷ്യവിളകള്‍ ഇന്ധന ഉല്‍പാദനത്തിനായി തിരിച്ചുവിടുന്നത് ഈ നയത്തിന്റെ മറ്റൊരു ഗുരുതര പ്രത്യാഘാതമാണെന്നും സിപിഐഎം കുറ്റപ്പെടുത്തി. പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ ഇപ്പോഴും രാജ്യത്ത് ഉള്ള സാഹചര്യത്തില്‍ ഭക്ഷ്യവിളകള്‍ ഇന്ധനത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിപിഐഎം വ്യക്തമാക്കി. എഥനോള്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ചോളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നത് ആശങ്കാജനകമാണെന്നും സിപിഐഎം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നയം കൊണ്ട് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വലിയ പഞ്ചസാര മില്ലുകള്‍ക്കും മാത്രമാണ് പ്രയോജനം ലഭിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ സിപിഐഎം ഇത് കൃഷിരീതികളില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായും ആരോപിച്ചു. ജലസ്രോതസ്സുകള്‍ അമിതമായി ആവശ്യമായ വിളകളുടെ കൃഷി ഭൂഗര്‍ഭജലത്തിന്റെ ദൗര്‍ലഭ്യതയ്ക്ക് കാരണമാകുന്നുമെന്നും സിപിഐഎം കുറ്റപ്പെടുത്തി.
ജനങ്ങളുടെ താല്‍പര്യങ്ങളെക്കാള്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തിനാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നതിന്റെ തെളിവാണ് ഈ നയമെന്നും സിപിഐഎം വിമര്‍ശിച്ചു. ഭക്ഷ്യസുരക്ഷ, കര്‍ഷകരുടെ താല്‍പര്യങ്ങള്‍, ഉപഭോക്തൃ അവകാശങ്ങള്‍, പരിസ്ഥിതി സുസ്ഥിരത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നയം തുടരാന്‍ അനുവദിക്കാനാകില്ലെന്നും സിപിഐഎം മുന്നറിയിപ്പ് നല്‍കി. ഫോസില്‍ ഇന്ധനങ്ങളിലുള്ള ആശ്രയം കുറയ്‌ക്കേണ്ടത് അനിവാര്യമാണെങ്കിലും അത് ഭക്ഷ്യസുരക്ഷയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളുടെയും ചെലവില്‍ ആയിരിക്കരുതെന്നും സിപിഐഎം ആവശ്യപ്പെട്ടു.
എല്ലാ ഇന്ധന വിതരണകേന്ദ്രങ്ങളിലും എഥനോള്‍ മിശ്രിത ഇന്ധനവും ശുദ്ധ പെട്രോളും ഒരുപോലെ ലഭ്യമാക്കണമെന്നും ഏത് ഇന്ധനം ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും പ്രസ്താവനയില്‍ സിപിഐഎം ആവശ്യപ്പെട്ടു. കുറഞ്ഞ മൈലേജും വാഹനങ്ങളുടെ അധിക തേയ്മാനവും കണക്കിലെടുത്ത് എഥനോള്‍ മിശ്രിത ഇന്ധനത്തിന്റെ വില പെട്രോളിനേക്കാള്‍ ആനുപാതികമായി കുറവായിരിക്കണം.എഥനോള്‍ മിശ്രിതത്തിന്റെ അളവ് 20 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ത്തരുതെന്നും സിപിഐഎം പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.
.jpg)

