എൻജിൻ തകരാർ, എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

air india express
air india express

ഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം  സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയർന്ന ഉടൻ തന്നെ വലതുവശത്തെ എൻജിനിലെ ഓയിൽ മർദം കുറഞ്ഞതിനെത്തുടർന്നാണ് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്.

tRootC1469263">

പുലർച്ചെ 3:20-നാണ് ബോയിംഗ് 777-337 ഇആർ വിമാനം ടേക്ക് ഓഫ് ചെയതത്. പറന്നുയർന്നതിന് പിന്നാലെ രണ്ടാമത്തെ എൻജിനിലെ ഓയിൽ മർദത്തിൽ അസ്വാഭാവികമായ കുറവ് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു.
താമസിയാതെ ഇത് പൂജ്യത്തിലേക്ക് താഴ്ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്തിന്റെ എൻജിൻ ഘടകങ്ങൾ തണുപ്പിക്കാനും സുഗമമായി പ്രവർത്തിപ്പിക്കാനും ഓയിൽ അത്യാവശ്യമായതിനാൽ, മർദം പൂജ്യമാകുന്നത് എൻജിൻ പരാജയപ്പെടാനോ തീപിടിക്കാനോ ഉള്ള സാധ്യതയുണ്ട്. അതിനാലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

സംഭവത്തെത്തുടർന്ന് സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനുപുറമെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) അന്വേഷണം നടത്താനും മന്ത്രാലയം നിർദ്ദേശിച്ചു. നിലവിൽ വിമാനം വിശദമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കുകയാണെന്നും സുരക്ഷാ ക്ലിയറൻസ് ലഭിച്ചതിന് ശേഷം മാത്രമേ ഇനി സർവീസിന് ഉപയോഗിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് മുംബൈയിലേക്ക് പോകാൻ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും എയർ ഇന്ത്യ അറിയിച്ചു.

Tags