അനന്തനാഗ് ഏറ്റുമുട്ടൽ: ഒരു സൈനികന് കുടി വീരമൃത്യു;

ന്യുഡൽഹി: അനന്തനാഗ് ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.ബുധനാഴ്ചയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗ് ജില്ലയിലെ കൊകേരാങ് ഏരിയയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാഷ്ട്രീയ റൈഫിൾസ് യൂനിറ്റിന്റെ ചുമതലയുള്ള കമാൻഡിങ് ഓഫീസർ, ആർമി മേജർ, ജമ്മുകശ്മീർ ഡി.എസ്.പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കിയിരുന്നു. തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ്, ഡി.എസ്.പി ഹുമയുൺ ഭട്ട് എന്നിവരാണ് മരിച്ചത്. അതേസമയം, ഇന്ന് മരിച്ച സൈനികനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ശ്രീനഗറിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.