കാട്ടാന ശല്യം രൂക്ഷം: തമിഴ്‌നാട് പളനിക്ക് സമീപം ഒട്ടന്‍ഛത്രത്ത് കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

google news
elephant

ചെന്നൈ: തമിഴ്‌നാട് പളനിക്ക് സമീപം ഒട്ടന്‍ഛത്രത്ത് കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. ഒരാഴ്ചക്കിടെ പ്രദേശത്ത് രണ്ടാമത്തെയാളെയാണ് ആന ചവിട്ടിക്കൊല്ലുന്നത്. ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മോര്‍ച്ചറിക്ക് മുമ്പില്‍ ഏറെ നേരം കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഒട്ടന്‍ഛത്രത്തിന് സമീപം ഛത്രപ്പട്ടി ഗ്രാമത്തിലെ കൃഷിക്കാരനായ സൗന്ദര്‍രാജനാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.  ചോളപ്പാടത്ത് കയറിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. സൗന്ദര്‍രാജനും സഹോദരനും ചേര്‍ന്ന് ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിലത്ത് വീണുപോയ സൗന്ദര്‍രാജനെ ആന ചവിട്ടിക്കൊന്നു. വിവമരമറിഞ്ഞ് സ്ഥലത്തെത്തിയ ഒട്ടന്‍ഛത്രം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ഛത്രപ്പട്ടി പൊലീസിന് നേരെയും ക്ഷുഭിതരായ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. എട്ട് ദിവസം മുമ്പ് പളനിക്കടുത്ത് വനമേഖലയിലും ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. 


കാട്ടാന ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ സൗന്ദര്‍രാജന്റെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടില്‍ നാട്ടുകാര്‍ ഒട്ടന്‍ഛത്രം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ ഏറെ നേരം പ്രതിഷേധിച്ചു. ദിണ്ടിഗല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഭുവും ജില്ലാ കളക്ടര്‍ പളനിയും എത്തി ഏറെ നേരം ചര്‍ച്ച നടത്തിയതിന് ശേഷമാണ് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. സൗന്ദര്‍രാജന്റെ മകന് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കുന്ന കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാമെന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍ വൈദ്യുതിവേലി സ്ഥാപിക്കും എന്ന ഉറപ്പ് അധികൃതരില്‍ നിന്ന് മുമ്പ് പല തവണ കിട്ടിയെങ്കിലും പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Tags