'പരാജയപ്പെടുമ്പോള്‍ മാത്രം രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോശമാകുന്നു'; വിമര്‍ശനവുമായി അമിത് ഷാ
പ്രതിപക്ഷത്തിന്റെ സമരം വെറും പ്രകടനങ്ങള്‍ മാത്രമാണെന്നും അതില്‍ നിന്ന് അവര്‍ ഒന്നും നേടാന്‍ പോകുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനോഷ് കുമാറിനെതിരെ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ സമരം വെറും പ്രകടനങ്ങള്‍ മാത്രമാണെന്നും അതില്‍ നിന്ന് അവര്‍ ഒന്നും നേടാന്‍ പോകുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു. ഡല്‍ഹി ജല ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വിജയിച്ചപ്പോള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്ലതായിരുന്നെന്നും പരാജയപ്പെടുമ്പോള്‍ മാത്രം മോശമാകുന്നത് എങ്ങനെയാണെന്നും അമിത് ഷാ ചോദിച്ചു.
എസ്ഐആര്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപിച്ച കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും ഷാ രൂക്ഷമായി വിമര്‍ശിച്ചു. ജനവിധി അട്ടിമറിക്കാന്‍ ഇവര്‍ രാഷ്ട്രീയ കസര്‍ത്തുകളും ആള്‍ക്കൂട്ട ഭരണവും ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍, തങ്ങളുടെ കൈവശമുള്ള ശേഷിക്കുന്ന രാഷ്ട്രീയ അടിത്തറ കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഷാ മുന്നറിയിപ്പ് നല്‍കി. 'രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ചോ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് അരാജകത്വം സൃഷ്ടിച്ചോ ജനവിധി അട്ടിമറിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക. ഇത്തരം പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് ഒരു നേട്ടവുമുണ്ടാകില്ല. തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലെല്ലാം ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക. അല്ലാത്തപക്ഷം, ശേഷിക്കുന്ന ഇടങ്ങളില്‍ നിന്നും നിങ്ങള്‍ തുടച്ചുനീക്കപ്പെടും,' അമിത് ഷാ പറഞ്ഞു.
.jpg)


