രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തെരഞ്ഞെടുപ്പ് വിലക്ക്: നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് സുപ്രീം കോടതി; പുനഃപരിശോധിക്കാൻ വലിയ ബെഞ്ചിലേക്ക്

Election ban on those with more than two children: Supreme Court says law has lost relevance; to be reviewed by a larger bench

ന്യൂഡൽഹി: ഇന്ത്യയിൽ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കുന്ന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി സുപ്രീം കോടതി. രാജ്യത്ത് വലിയ ജനസംഖ്യാ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ഇത്തരം നിയമങ്ങളുടെ അടിസ്ഥാനം തന്നെ തകർന്നിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണങ്ങൾ നടത്തിയത്. 2003-ൽ ഹരിയാനയിലെ കേസിലാണ് ഇത്തരം വിലക്കിന്റെ ഭരണഘടനാ സാധുത അന്നത്തെ മൂന്നംഗ ബെഞ്ച് ശരിവെച്ചിരുന്നത്. എന്നാൽ ഈ വിധി പുനഃപരിശോധിക്കണമെന്നും, വിഷയം കൂടുതൽ അംഗങ്ങളുള്ള വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണെന്നും കോടതി വ്യക്തമാക്കി. മൂന്നാം കുട്ടി ജനിച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിലെ കകോഡ ഗ്രാം പഞ്ചായത്ത് മുൻ സർപഞ്ച് മംഗള ഭീംറാവുവിനു നേരിട്ട അയോഗ്യത കോടതി റദ്ദാക്കുകയും ചെയ്തു.

2003-ൽ സുപ്രീം കോടതി ഈ നിയമം ശരിവെക്കുമ്പോൾ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രജനന നിരക്ക് 3 ആയിരുന്നുവെങ്കിൽ നിലവിലത് 1.9 ആയി കുറഞ്ഞിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തലമുറ മാറ്റ നിരക്ക് 2.1 ആണെന്നിരിക്കെ, പ്രജനന നിരക്ക് ഇതിലും താഴേക്ക് പോകുന്നത് ഭാവിയിൽ തൊഴിലെടുക്കുന്നവരുടെ അനുപാതം കുറയുന്നതിനും പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമാകും. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ രാജ്യം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് ജന്മം നൽകുന്നതും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതും തമ്മിൽ ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും, ഒരു വിഭാഗത്തെ രാഷ്ട്രീയ പ്രതിനിധത്വത്തിൽ നിന്ന് തടയാൻ ഇനിയത്തരം നിയമങ്ങൾ അനുവദിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു.

Tags