ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

google news
tunnel

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നവംബര്‍ 12 മുതല്‍ 40 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ രക്ഷിക്കുന്നതിന് തടസ്സമാകുന്ന ഏത് പ്രതിസന്ധികളെയും മറികടക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) പറഞ്ഞു. ഓഗര്‍ മെഷീന്റെ സഹായത്തോടെ 900 മിമീ വ്യാസമുള്ള പൈപ്പ് ടണല്‍ സൈറ്റില്‍ സ്ഥാപിക്കുകയാണെന്ന് ദുരന്തനിവാരണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

'ഞങ്ങള്‍ക്ക് ഇവിടെ രണ്ട് ടീമുകളുണ്ട്. കട്ടിംഗ് ഉപകരണങ്ങളുണ്ട്. ഓക്‌സി കട്ടിംഗ് മെഷീനുകളും ലഭ്യമാണ്. എത്രയും വേഗം തൊഴിലാളികള്‍ക്കടുത്തെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്'', എന്‍ഡിആര്‍എഫ് സെക്കന്‍ഡ്ഇന്‍കമാന്‍ഡ് രവിശങ്കര്‍ ബധാനി പറഞ്ഞു. ഡ്രില്ലിങ് മെഷീന്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ രണ്ടുദിവസത്തിനകം ഉത്തരാഖണ്ഡിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കടുത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.

ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നത്. ഇതോടെ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. തായ്‌ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ളത്.

Tags