ഹിമാചലിൽ 5.0 തീവ്രതയിൽ ഭൂചലനം

earthquake

 ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രദേശവാസികളെ വലിയ പരിഭ്രാന്തിയിലാക്കി. വെള്ളിയാഴ്ച രാത്രി 10:04ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ധർമശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ, കാംഗ്ര-ചമ്പ അതിർത്തിക്ക് സമീപത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവസ്ഥാനം. കാംഗ്രയിലെ ധർ ഗോദോയിക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ധർമശാല, ഷിംല, ചമ്പ തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്ക് ഭൂചലനം വ്യക്തമായി അനുഭവപ്പെട്ടു.

ഭൂചലനത്തെത്തുടർന്ന് ഭയചകിതരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. ‘അതൊരു ഭയാനകമായ അനുഭവമായിരുന്നു. കെട്ടിടം തകർന്ന് വീഴുമെന്ന് ഞങ്ങൾ ഭയന്നുപോയി. ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ ഭൂചലനമാണിത്’ ധർമശാലയിലെ ഒരു താമസക്കാരൻ പറഞ്ഞു. ചണ്ഡിഗഢിൽ താമസിക്കുന്ന ബൽദേവ് ചന്ദ് എന്ന വ്യക്തിക്കും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഏതാനും നിമിഷങ്ങൾ മാത്രമാണ് പ്രകമ്പനം നീണ്ടുനിന്നത്.

കാങ്ഗ്ര, ചമ്പ എന്നീ ജില്ലകൾ ഇന്ത്യയിലെ അതിതീവ്ര ഭൂകമ്പസാധ്യതയുള്ള 'സീസ്‌മിക് സോൺ 5' പരിധിയിലാണ് ഉൾപ്പെടുന്നത്. രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യത മേഖലകളിൽ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളതാണ് സോൺ 5. ഹിമാചൽ പ്രദേശിലെ ചമ്പ, ലാഹൗൾ-സ്പിതി, കിന്നൗർ, കാങ്ഗ്ര എന്നീ ജില്ലകൾ പൂർണ്ണമായും സോൺ 5ൽ ഉൾപ്പെടുന്നു. കൂടാതെ ഷിംലയുടെ ചില ഭാഗങ്ങളും ഉയർന്ന ഭൂകമ്പസാധ്യതയുള്ളതാണ്. കുളു, മാണ്ഡി, ബിലാസ്പുർ, ഹമിർപുർ, സോളൻ, ഉന എന്നീ ജില്ലകൾ സോൺ 4 പരിധിയിലാണ് വരുന്നത്.

ഭൂചലനത്തെ തുടർന്ന് ഇതുവരെ ജീവഹാനിയോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും, അതീവ ജാഗ്രതാ മേഖലയായതിനാൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പ്രദേശത്തെ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

Tags