'മേജര്‍ രവിയുടെ ജല്പനങ്ങള്‍ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും' വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്‍

major ravi

വിസ്മയ മോഹന്‍ലാലിനെ വിലയിടിച്ച് കാണിച്ചുകൊണ്ടുള്ളതാണ് ബി ജെ പി സ്ഥാനാര്‍ഥി കൂടിയായിരുന്ന മേജര്‍ രവിയുടെ പ്രസ്താവന

വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന നിലയില്‍ സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്‍. ജീവന്മരണപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ യുവതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച വിസ്മയ മോഹന്‍ലാലിനെ വിലയിടിച്ച് കാണിച്ചുകൊണ്ടുള്ളതാണ് ബി ജെ പി സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന മേജര്‍ രവിയുടെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെയും കോക്രോച്ച് ജനതാപാര്‍ട്ടിയെയും മേജര്‍ രവി ആക്ഷേപിച്ചുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഷിജുഖാന്റെ വിമര്‍ശനം.

ഷിജുഖാന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം
വീണ്ടും പരിഹാസ്യനാവുകയാണ് മേജര്‍ രവി. അദ്ദേഹത്തിന്റെ ജല്പനങ്ങള്‍ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും. നീതിയ്ക്കായി ജീവന്മരണപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ യുവതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച വിസ്മയ മോഹന്‍ലാലിനെ വിലയിടിച്ച് കാണിച്ചുകൊണ്ടുള്ളതാണ് ബി ജെ പി സ്ഥാനാര്‍ഥി കൂടിയായിരുന്ന മേജര്‍ രവിയുടെ പ്രസ്താവന. വിസ്മയയുടെ വിവേചനബുദ്ധിയേയും ചിന്താശേഷിയെയും പരിഹസിക്കുക വഴി സ്ത്രീവിരുദ്ധമായതും സാംസ്‌കാരികേരളത്തിന് കളങ്കവുമായ വാക്കുകളാണ് മേജര്‍ രവിയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. രാജ്യത്തെ യുവതയും ചിന്തിക്കുന്ന ജനതയും ഒരേ മനസ്സില്‍ പിന്തുണയ്ക്കുന്ന സമരം, തന്റെ രാഷ്ട്രീയ മേലാളന്മാരെ അസ്വസ്ഥപെടുത്തുന്നതിലെ അസഹിഷ്ണുതയാണ് 'മൈനര്‍ രവി'യുടെ വാക്കുകളുടെ വയറിളക്കത്തിന് കാരണം. വര്‍ഗീയതയും വകതിരിവില്ലായ്മയും അലങ്കാരമാക്കിയുള്ള പ്രസ്താവനകളാണ് കുറച്ചുകാലമായി പ്രസ്തുത രവിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളം അത് ചവറ്റുകുട്ടയില്‍ എറിയും'

Tags