ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും കുറിച്ച് ഡച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ തള്ളി ഇന്ത്യ

dach

 ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും കുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പരാമർശങ്ങൾ തള്ളി ഇന്ത്യ. ഇത്തരം ആശങ്കകൾ ഇന്ത്യയുടെ ചരിത്രം, ജനാധിപത്യം, സാംസ്കാരിക വൈവിധ്യം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണക്കുറവ് മൂലമാണ് ഉണ്ടാകുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സി.ബി ജോർജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ആഴത്തിലുള്ള നാഗരിക വേരുകളുള്ള ഒരു സജീവ ജനാധിപത്യ രാജ്യമാണെന്ന് സി.ബി ജോർജ് ഓർമ്മിപ്പിച്ചു. ‘‘140 കോടി ജനങ്ങൾ വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. സംസ്കാരം, ഭാഷകൾ, ഭക്ഷണം, മതം എന്നിവയിലെല്ലാം വലിയ വൈവിധ്യമാണ് ഇവിടെയുള്ളത്. ലോകത്തെ പ്രധാനപ്പെട്ട നാല് മതങ്ങൾ ഉത്ഭവിച്ചതും ഇവിടെയാണ്," അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലും നെതർലൻഡ്‌സ് സർക്കാരിന് ആശങ്കയുണ്ടെന്നും ഈ വിഷയങ്ങൾ ഇന്ത്യൻ ഭരണകൂടവുമായി പതിവായി ചർച്ച ചെയ്യാറുണ്ടെന്നും ഡച്ച് പത്രമായ ‘ഡി വോൾക്സ്ക്രാന്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ ഈ പരാമർശങ്ങൾ നടത്തിയത്. എന്നാൽ, ഇരുരാജ്യങ്ങളും ജനാധിപത്യത്തെയും നല്ല ഭരണത്തെയും ആഗോള നിയമങ്ങളെയും ഒരുപോലെ വിലമതിക്കുന്നവരാണെന്ന് ജെറ്റൻ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 

Tags