ദുര്ഗാപൂജ പന്തല് ദുരന്തം ; സംഘാടകര് ഉള്പ്പെടെ ഏഴു പേര് അറസ്റ്റില്
ദുരന്തത്തില് കൊല്ക്കത്ത പൊലീസ് കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തി സ്വമേധയാ കേസെടുത്തു.
കൊല്ക്കത്തയില് ദുര്ഗാപൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര് മരണപ്പെട്ട സംഭവത്തില് പരിപാടിയുടെ സംഘാടകരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്ഗാപൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാര് സേവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ, പന്തന് നിര്മ്മിച്ച ബിപ്ലബ് മുഖര്ജി, തിരക്ക് നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, പ്രൈവറ്റ് സെക്യൂരിറ്റി ഇന്ചാര്ജുമാരായ സുമം ചക്രബര്ത്തി, രാജേഷ് പാല് എന്നിവരാണ് അറസ്റ്റിലായത്.
ദുരന്തത്തില് കൊല്ക്കത്ത പൊലീസ് കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തി സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തില് ക്രമസമാധാന നില ഉറപ്പാക്കാനായി കൊല്ക്കത്തയുടെ വിവിധ ഭാഗങ്ങളില് പൊലീസ് ഒക്ടോബര് 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നോര്ത്ത് കൊല്ക്കത്തയിലെ ചോര്ബാഗനില് ശനിയാഴ്ച വൈരുന്നേരം 7:40 ഓടെ ആയിരുന്നു ദുരന്തം. നവരാത്രിയുടെ ഏഴാം ദിവസം ചോര്ബാഗനിലെ സര്ബോജനനിന് ദുര്ഗാപൂജ പന്തലില് നടന്ന ആഘോഷ പരിപാടിക്കിടെ കനത്ത മഴ പെയ്തതോടെ ആണ് തിക്കും തിരക്കും ഉണ്ടായത്. സംഭവത്തില് മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള് പൊലീസിന്റെ നേതൃത്വത്തില് തുടരുകയാണ്. 25 പേര്ക്കാണ് പരിക്കേറ്റത്.
.jpg)


