ലഹരിക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ടു ; മൂന്ന് മലയാളി യുവാക്കൾ എട്ട് വർഷമായി മലേഷ്യയിലെ ജയിലിൽ

Trapped by a drug smuggling ring; three Malayali youths have been in a Malaysian prison for eight years.

 കൊല്ലം: ലഹരിക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ട് മൂന്ന് മലയാളി യുവാക്കൾ എട്ട് വർഷമായി മലേഷ്യൻ ജയിലിൽ. കൊല്ലം പേരയം സ്വദേശികളായ ഫാറൂഖ്, സിയാദ്, സബീർ എന്നിവരാണ് കഴിഞ്ഞ എട്ടു വർഷമായി മലേഷ്യയിൽ തടവിൽ കഴിയുന്നത്. വർക്കല സ്വദേശിയായ സജീവ് എന്ന ബന്ധു വഴിയാണ് കെമിക്കൽ ഫാക്ടറിയിലെ ജോലി വാഗ്ദാനം ചെയ്ത് സൗജന്യ വിസയും ടിക്കറ്റും നൽകി യുവാക്കളെ മലേഷ്യയിലേക്ക് കൊണ്ടുപോയത്.

അവിടെയെത്തി രണ്ടു മാസത്തിന് ശേഷമാണ് ജോലി ചെയ്യുന്നത് കെമിക്കൽ ഫാക്ടറിയിലല്ല, പകരം നിയമവിരുദ്ധമായി ലഹരിവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിലാണെന്ന് ഇവർക്ക് ബോധ്യപ്പെട്ടത്. നിയമവിരുദ്ധ ജോലി ചെയ്യാൻ വിസമ്മതിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെ ലഹരിസംഘം ഇവരെ മുറിയിൽ പൂട്ടിയിടുകയും, തുടർന്ന് മുറിയിൽ ലഹരിവസ്തുക്കൾ വെച്ച് മലേഷ്യൻ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയുമായിരുന്നു.സംഭവം പുറംലോകമറിയിച്ചാൽ മക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബം പറയുന്നു. 

നിലവിൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് ഇവർക്ക് ജയിലിൽ നിന്ന് വീട്ടിലേക്ക് വിളിക്കാൻ അനുവാദമുള്ളത്. ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും ലഹരിക്കേസായതിനാൽ അനുകൂല നടപടിയുണ്ടായില്ല.  യുവാക്കളുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് മക്കളെ തിരിച്ചെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

Tags