ബുൾഡോസർ ഓടിക്കാൻ പ്രത്യേക ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും വേണം: യോഗി ആദിത്യനാഥ്

Driving a bulldozer requires special willpower and determination: Yogi Adityanath

വാരണാസി: ബുൾഡോസറിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണെന്നും എന്നാൽ അത് ഓടിക്കാൻ പ്രത്യേക ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാരണാസിയിൽ നടന്ന 'എൻ.ഡി.ടി.വി ക്രിയേറ്റേഴ്‌സ് മഞ്ച്' പരിപാടിയിലെ അഭിമുഖത്തിൽ ബുൾഡോസർ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം."ബുൾഡോസറിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ എല്ലാവർക്കും അതിന്റെ സ്റ്റിയറിങ് വീൽ കൈകാര്യം ചെയ്യാൻ കഴിയില്ല. അത് ഓടിക്കാൻ ഒരു പ്രത്യേകതരം ഇച്ഛാശക്തിയും ലക്ഷ്യം പൂർത്തിയാക്കാനുള്ള നിശ്ചയദാർഢ്യവും ആവശ്യമാണ്"- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഗൊരഖ്പൂരിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമാജ്‌വാദി പാർട്ടി അധികാരത്തിലിരുന്നപ്പോഴും ബി.ജെ.പി വിജയിച്ചിരുന്നുവെന്ന് പറഞ്ഞു. അന്ന് എസ്.പി സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം പോലും നഷ്ടമായെന്നും 2017-ലും 2022-ലും 2024-ലും ഗൊരഖ്പൂരിൽ സമാനമായ വിജയങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൊരഖ്പൂർ മാത്രമല്ല, ഉത്തർപ്രദേശ് മുഴുവൻ തന്റെ വീടാണെന്നും സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബി.ജെ.പിയും സഖ്യകക്ഷികളും ഈ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് സർക്കാരിന്റെ രാഷ്ട്രീയ പ്രതിച്ഛായയുടെ പ്രധാന അടയാളങ്ങളിലൊന്നായി ബുൾഡോസർ മാറിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെയും അനധികൃത കൈയേറ്റങ്ങളുടെയും പേരിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികളിൽ സർക്കാർ ബുൾഡോസർ ഉപയോഗിച്ചിരുന്നു. എന്നാൽ, ഇത്തരം നടപടികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണോ നടപ്പാക്കുന്നതെന്ന ചോദ്യങ്ങളും വിമർശനങ്ങളും വ്യാപകമായി ഉയർന്നിട്ടുണ്ട്.ഉത്തർപ്രദേശിന്റെ വികസന കാഴ്ചപ്പാട്, വനിതാ സംവരണം, നിർദിഷ്ട മണ്ഡല പുനർനിർണയ നടപടികൾ തുടങ്ങിയ വിഷയങ്ങളും അഭിമുഖത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

Tags