ഡ്രൈവർമാർക്ക് മറാത്തി നിർബന്ധമായും അറിയണം, ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കും ; ഉത്തരവിറക്കി മഹാരാഷ്ട്ര സർക്കാർ

Drivers must know Marathi, otherwise their licenses will be cancelled; Maharashtra government issues order

 മഹാരാഷ്ട്രയിലെ എല്ലാ ലൈസൻസുള്ള ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും മറാത്തി ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമപ്രകാരം, ഡ്രൈവർമാർക്ക് മറാത്തി വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും തെറ്റായ രീതിയിൽ ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി പ്രതാപ് സർനായക് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 59 പ്രാദേശിക, ഉപ-പ്രാദേശിക ഗതാഗത ഓഫീസുകൾ വഴി വ്യാപകമായ പരിശോധന നടത്തും. ഡ്രൈവർമാർക്ക് സൈൻബോർഡുകൾ വായിക്കാനും ലളിതമായ വാചകങ്ങൾ എഴുതാനും യാത്രക്കാരുമായി മറാത്തിയിൽ ആശയവിനിമയം നടത്താനും കഴിയുന്നുണ്ടോ എന്ന് പ്രത്യേക പ്രാവീണ്യ പരീക്ഷയിലൂടെ വിലയിരുത്തും. മുംബൈ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഡ്രൈവർമാർക്ക് പ്രാദേശിക ഭാഷ അറിയാത്തതിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

സംസ്ഥാനത്തിന്റെ ഭാഷയെ ബഹുമാനിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് മന്ത്രി സർനായക് വ്യക്തമാക്കി. ജോലി ചെയ്യുന്ന പ്രദേശത്തെ ഭാഷ പഠിക്കുന്നത് തൊഴിൽപരമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ ലൈസൻസ് നൽകുന്നതിന് പ്രാദേശിക ഭാഷാ അറിവ് നിബന്ധനയായിരുന്നെങ്കിലും ഇത് വ്യാപകമായി ലംഘിക്കപ്പെടുന്നതായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചത്.

അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഡ്രൈവർമാരുടെ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുംബൈയിലെ ഡ്രൈവർമാരിൽ 70 ശതമാനത്തോളം പേരും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും, കൂട്ടത്തോടെ ലൈസൻസ് റദ്ദാക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ ഈ നടപടി ‘പ്രതികാര ബുദ്ധിയോടെയുള്ളതാണെന്നും’ കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

 

Tags