നാടകീയ സംഭവം : അജ്ഞാതരിൽ നിന്നും വരനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 5 പേജുള്ള കത്ത്, മണ്ഡപത്തിൽ നിന്നും വധു ഇറങ്ങിപ്പോയി
അജ്ഞാതരിൽ നിന്നും വരനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വധുവിന് കത്ത്. വിവാഹച്ചടങ്ങുകൾക്കിടയിൽ വധു മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോയി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരിയിലാണ് സംഭവം. വരൻ ഗുരുതരമായ വിവരങ്ങൾ തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് 29 -കാരിയായ യുവതി വിവാഹത്തിൽ നിന്ന് പിന്മാറിയത്.
tRootC1469263">41 വയസ്സുകാരനായ യുവാവും യുവതിയും തമ്മിലുള്ള വിവാഹം ശൃംഗേരിയിലെ ഇഡിഗ സമുദായ ഭവനിലാണ് നിശ്ചയിച്ചിരുന്നത്. യുവാവിന്റെ ആദ്യ വിവാഹമായിരുന്നു. എന്നാൽ, യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. മുൻബന്ധത്തിൽ ഇവർക്ക് ഒൻപത് വയസ്സുള്ള ഒരു മകനുണ്ട്. തന്റെ കുട്ടിയെ സ്വീകരിക്കുമെന്ന യുവാവിന്റെ ഉറപ്പിന്മേലാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്.
വിവാഹ ചടങ്ങുകൾ പുരോഗമിക്കവെയാണ് അജ്ഞാതരിൽ നിന്നും യുവതിക്ക് അഞ്ച് പേജുള്ള ഒരു കത്ത് ലഭിക്കുന്നത്. വരനെക്കുറിച്ചുള്ള ഗൗരവകരമായ വെളിപ്പെടുത്തലുകൾ ഈ കത്തിലുണ്ടായിരുന്നു. ഇതേക്കുറിച്ച് വരന്റെ വീട്ടുകാരോട് ചോദിച്ചപ്പോൾ, കൃത്യമായ മറുപടി നൽകാതെ വിവാഹശേഷം സംസാരിക്കാം എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ വരൻ തന്നെ വഞ്ചിക്കുകയാണെന്ന് ഉറപ്പിച്ച യുവതി ചടങ്ങുകൾ നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വധു ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്. യുവാവ് തന്റെ യഥാർത്ഥ പ്രായം മറച്ചുവെച്ചു. വരന്റെ പേരിൽ നിരവധി പോലീസ് കേസുകളുണ്ട്. അതുമാത്രമല്ല, 2021-ൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ദീക്ഷിത് എന്ന ഈ യുവാവ് എന്നും യുവതി ആരോപിച്ചു. ദീക്ഷിതിന്റെ അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് നൽകിയത്. ചോദ്യങ്ങൾ ചോദിക്കുമ്പോഴെല്ലാം 'കല്യാണം കഴിഞ്ഞ് പറയാം' എന്ന് പറഞ്ഞ് ദീക്ഷിത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യുവതി പറയുന്നു.
വിവാഹ ഹാളിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ ശൃംഗേരി പൊലീസും ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചർച്ചകൾക്കും കൗൺസിലിംഗിനും ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. വിശ്വാസമില്ലാത്ത ഒരിടത്ത് ജീവിതം തുടങ്ങാൻ താല്പര്യമില്ലെന്ന് പറഞ്ഞ് യുവതി മണ്ഡപത്തിൽ നിന്നിറങ്ങിപ്പോയി. ഇതോടെ വിവാഹം ഔദ്യോഗികമായി റദ്ദാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)


