അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള : കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 7,000 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഉൾപ്പെട്ട എട്ട് പ്രതികൾക്കെതിരേയും ശക്തമായ തെളിവുകൾ സഹിതമാണ് അന്വേഷണ സംഘം വിജിലൻസ്/ആന്റി കറപ്ഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
മാസങ്ങൾ നീണ്ട ഡിജിറ്റൽ, ഫോറൻസിക്, സാമ്പത്തിക പരിശോധനകൾക്ക് ശേഷമാണ് സമഗ്രമായ ഈ കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയുടെയും പേരുകൾ പരാമർശിക്കുന്നില്ലെന്നാണ് വിവരം
ബാബരി മസ്ജിദ് തകർത്ത് നിർമ്മിച്ച രാമക്ഷേത്രത്തിനായി ഭക്തരിൽ നിന്നും സമാഹരിച്ച സംഭാവന തുകയിൽ വൻ തിരിമറിയും തട്ടിപ്പും നടന്നുവെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിയത്. സിസിടിവി പരിശോധനയിലൂടെ കണ്ടെത്തിയത് 105ലധികം മോഷണങ്ങളെന്നാണ് എസ്‌ഐടി സുപ്രിംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപോർട്ടിൽ വ്യക്തമാക്കിയിരുന്നത്. സംഭാവന കൊള്ളയിൽ എസ്‌ഐടി ഇതുവരെ നടത്തിയ അറസ്റ്റുകൾ, ശേഖരിച്ച തെളിവുകൾ എന്നിവയെപ്പറ്റിയുള്ള വിശദവിവരങ്ങളാണ് തൽസ്ഥിതി റിപോർട്ടിലൂടെ കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുറ്റപത്രവും സമർപ്പിച്ചിരിക്കുന്നത്. കേസിലെ എട്ട് പ്രതികൾക്കും തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എസ്‌ഐടി അറിയിച്ചു.
.jpg)

