കനത്ത പോരാട്ടം ; തമിഴ്നാട്ടിൽ ഡി.എം.കെ 11 സീറ്റുകളിൽ മുന്നിൽ ; പെരമ്പൂരിൽ വിജയ്ക്ക് ലീഡ്

Tough fight; DMK ahead in 11 seats in Tamil Nadu; Vijay leads in Perambur

 ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴകത്ത് കനത്ത പോരാട്ടത്തിന്റെ ആദ്യ സൂചനകളാണ് പുറത്തുവരുന്നത്. പുതിയ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യം വ്യക്തമായ മുന്നേറ്റത്തോടെയാണ് തുടക്കമിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ വോട്ടെണ്ണൽ പൂർത്തിയായ 14 മണ്ഡലങ്ങളിൽ 11 സീറ്റുകളിലും ഡി.എം.കെയും സഖ്യകക്ഷികളും വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്.

പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും അവരുടെ സഖ്യകക്ഷികളും രണ്ട് സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഒരു സീറ്റിൽ മുന്നിലാണ്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിലാണ് വിജയ് ലീഡ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ശക്തിയായി വിലയിരുത്തപ്പെടുന്ന വിജയ് മത്സരിച്ച പെരമ്പൂരിൽ അദ്ദേഹം ലീഡ് ചെയ്യുന്നു എന്നത് രാഷ്ട്രീയ നിരീക്ഷകർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. തമിഴകത്തെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ വിജയ്‌യുടെ പാർട്ടി വിള്ളലുണ്ടാക്കുമോ എന്നതിന്റെ സൂചനയായാണ് ഈ ലീഡ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, ഈ മുന്നേറ്റങ്ങളെല്ലാം തന്നെ അതീവ ജാഗ്രതയോടെ വേണം വിലയിരുത്താൻ. നിലവിൽ പുറത്തുവരുന്നത് പ്രാഥമികമായ സൂചനകൾ മാത്രമാണ്. തപാൽ വോട്ടുകൾ മാത്രമാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ചിത്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

ഡി.എം.കെ സഖ്യം തുടക്കത്തിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ഓരോ റൗണ്ട് കഴിയുമ്പോഴും ചിത്രം മാറാൻ ഇടയുള്ളതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെയാണ് ഫലത്തെ കാത്തിരിക്കുന്നത്. വരും മണിക്കൂറുകളിൽ തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി ആർക്കൊപ്പമെന്ന് കൂടുതൽ വ്യക്തമാകും.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് തനിച്ച് 133 സീറ്റുകൾ ലഭിച്ചിരുന്നു. 164 ഇടങ്ങളിൽ മത്സരിക്കുന്ന ഡി.എം.കെക്ക് ഇത്തവണ ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സ്റ്റാലിൻ അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയാൽ അത് തമിഴക രാഷ്ട്രീയത്തിൽ ചരിത്ര സംഭവമാവും. ഡി.എം.കെക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭ്യമാവാത്തപക്ഷം തമിഴകത്ത് ഇതാദ്യമായി കൂട്ടുകക്ഷി സർക്കാറായിരിക്കും അധികാരത്തിലെത്തുക.

Tags