മണ്ഡല പുനർനിർണയ ബില്ലിന് ഡിഎംകെയുടെ പിന്തുണ; പാർലമെന്റിൽ കേന്ദ്രത്തിന് കരുത്താകും

DMK supports Mandal Delimitation Bill; Center will gain strength in Parliament

ന്യൂഡൽഹി: അടുത്തയാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. 22 ലോക്‌സഭാ എംപിമാരുള്ള ഡിഎംകെയുടെ ഈ തീരുമാനം, നേരത്തെ ബില്ലിനെ ശക്തമായി എതിർത്തിരുന്ന നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ്. ഇത് പാർലമെന്റിൽ കേന്ദ്ര സർക്കാരിന് കൂടുതൽ കരുത്തുപകരും.

ശനിയാഴ്ച രാവിലെ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനമെടുത്തത്. യോഗത്തിന് ശേഷം എംപി എ. രാജയാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ എംപി ദയാനിധി മാരനും അറിയിച്ചു. പാർലമെന്റിലെ സീറ്റുകളുടെ എണ്ണത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ 50 ശതമാനം വർധന വരുത്താനും 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് വിഭജന അനുപാതം 2051 വരെ നിലനിർത്താനുമുള്ള വ്യവസ്ഥകൾ കേന്ദ്രം ബില്ലിൽ ഉൾപ്പെടുത്തിയതോടെയാണ് ഡിഎംകെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

പുനർനിർണയത്തിന് ശേഷവും ലോക്‌സഭയിലെ തമിഴ്‌നാടിന്റെ 7.2 ശതമാനം പ്രാതിനിധ്യം നഷ്ടമാകില്ലെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. പുതിയ വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ നിലവിലുള്ള 39 ലോക്‌സഭാ സീറ്റുകൾ 59 ആയി ഉയരും.

തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്കായിരിക്കും എപ്പോഴും മുൻഗണനയെന്നും, ലോക്‌സഭയിലെ നിലവിലുള്ള പ്രാതിനിധ്യം സംരക്ഷിക്കണമെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിലെ അപകടങ്ങൾ ആദ്യം ചൂണ്ടിക്കാട്ടിയത് താനാണെന്നും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് വിഭജനം അടുത്ത 25 വർഷത്തേക്ക് കൂടി മരവിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആകെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതല്ല, മറിച്ച് തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ കുറവുണ്ടാകരുത് എന്നതായിരുന്നു തങ്ങളുടെ പ്രധാന ആശങ്കയെന്ന് ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ നിലപാട് മാറ്റമെന്ന ആരോപണവും പാർട്ടി തള്ളി. നീതിപൂർവമായ മണ്ഡല പുനർനിർണയമാണ് എക്കാലവും ഡിഎംകെ ആവശ്യപ്പെട്ടിട്ടുള്ളതെന്നും, തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനാലാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്നും പാർട്ടി വിശദീകരിച്ചു.

Tags