വിജയ്ക്കെതിരെ ഭീഷണി: ഡിഎംകെ എംഎൽഎ അറസ്റ്റിൽ

C

തിങ്കളാഴ്ച പുലർച്ചെ മാർക്കണ്ഡേയൻ്റെ വിലാത്തിക്കുളത്തെ വീട്ടിലെത്തിയ പൊലീസ് എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെന്നൈ: പൊതുസമ്മേളനത്തിനിടെ വിജയ്ക്കെതിരെ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ  ഡിഎംകെ എംഎൽഎ അറസ്റ്റിൽ. വിലാത്തിക്കുളം എംഎൽഎ ജി വി മാർക്കണ്ഡേയനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ടിവികെ നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ് നടപടി.

തിങ്കളാഴ്ച പുലർച്ചെ മാർക്കണ്ഡേയൻ്റെ വിലാത്തിക്കുളത്തെ വീട്ടിലെത്തിയ പൊലീസ് എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി എത്തിയ എംഎൽഎയുടെ അനുയായികൾ, പൊലീസ് വാഹനം തടയാനും ശ്രമം നടത്തി. തുടർന്ന് പ്രതിഷേധക്കാരെ നീക്കിയ ശേഷം എംഎൽഎയുമായി പൊലീസ് സംഘം മടങ്ങുകയായിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചു വിലാത്തിക്കുളത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെ ആണ് ജി വി മാർക്കണ്ഡേയൻ മുഖ്യമന്ത്രി വിജയ്ക്കെതിരെ രംഗത്തെത്തിയത്. സഭയിൽ വിജയ്‍യെ അടുത്തുകിട്ടിയാൽ എല്ല് ഒടിക്കുമെന്നായിരുന്നു എംഎൽഎയുടെ ഭീഷണി.

അറസ്റ്റിലായ മാർക്കണ്ഡേയനെ ചോദ്യംചെയ്യലിനായി എസ്പി ഓഫീസിൽ എത്തിച്ചു. ചോദ്യംചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.മുഖ്യമന്ത്രി വിജയ്ക്കെതിരായ പരാമർശത്തിൽ നേരത്തെ ഡിഎംകെ എംഎൽഎയായ അനിത രാധാകൃഷ്ണനും അറസ്റ്റിലായിരുന്നു. വിജയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുച്ചെന്തൂർ എംഎൽഎയായ അനിതയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ തൂത്തുക്കുടിയിൽ വെച്ചാണ് അറസ്റ്റ് ഉണ്ടായത്.

Tags