ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ ചേര്‍ന്ന് 34കാരനെ കുത്തിക്കൊലപ്പെടുത്തി
ബന്‍സി ലാലും പ്രതികളും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. ഉദ്ദം സിംഗ് പാര്‍ക്ക് സ്വദേശിയായ ബന്‍സി ലാലാണ് കൊല്ലപ്പെട്ടത്. ജൂലൈ 9-ന് കേശവ് പുരത്തിന് സമീപമുള്ള പ്രേം ബാരി പുലിന് സമീപമായിരുന്നു സംഭവം നടന്നത്.
ഒരാള്‍ കുത്തേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. നെഞ്ചിലും വയറിലും കൈകാലുകളിലും മുറിവേറ്റ നിലയിലായിരുന്ന ഇയാളെ ഉടന്‍ തന്നെ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിസിആര്‍ സന്ദേശം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ച് പ്രതികളെയും അശോക് വിഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബന്‍സി ലാലും പ്രതികളും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം ബന്‍സി ലാല്‍ അബദ്ധത്തില്‍ പ്രതികളുടെ മേല്‍ ചെളി തെറിപ്പിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ കുടുങ്ങിയത്.
.jpg)

