കൃഷിയിടത്തെ ചൊല്ലി തര്‍ക്കം, ഡെറാഡൂണില്‍ വ്യാപക സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

murder

സംഘര്‍ഷ പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ കൃഷിയിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കം വ്യാപക സംഘര്‍ഷമായി. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൃഷിയിടത്തെ ചൊല്ലിയുള്ള ചെറിയ വാക്കേറ്റമാണ് കൊലപാതകത്തിലും വ്യാപക സംഘര്‍ഷത്തിലും എത്തിയത്. സംഘര്‍ഷ പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.
അയല്‍വാസികളായ ഇംതിയാസും വിനോദ് കുമാറും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് പിന്നിലെ കാരണം. കൃഷിയിടത്തിലെ ജലസേചനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ വിനോദിനെയും കുടുംബത്തെയും ഇംതിയാസും സംഘവും ഇന്നലെ വീട്ടില്‍ കയറി മര്‍ദിച്ചിരുന്നു. ആക്രമണത്തിനിടയില്‍ വിനോദ് കൊല്ലപ്പെട്ടു. വിനോദിന്റെ കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.


വിനോദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇംതിയാസിനും കുടുംബത്തിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തി വ്യാപക പ്രതിഷേധവും സംഘര്‍ഷവും തുടങ്ങി.പ്രതികളെ വെടിവെച്ചു കൊല്ലണമെന്നും വീട് തകര്‍ക്കണമെന്നും മുദ്രാവാക്യം വിളിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. മണിക്കൂറുകള്‍ കൊണ്ട് സംഘര്‍ഷം രൂക്ഷമായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. പ്രതികളുടെ വീട് തകര്‍ക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പൊലീസ് കടുത്ത ജാഗ്രതയിലാണ്.

Tags