അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; സിബിഐ-ഇഡി അന്വേഷണ ഉത്തരവ് റദ്ദാക്കി
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി നടപടികളെ ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക വിധി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കർണാടകയിലെ ബിജെപി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിർ നൽകിയ ഹർജി നിലനിൽക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വീണ്ടും പരിശോധിക്കുന്നതിനായി കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
രാഹുൽ ഗാന്ധിയെ കേസിൽ കക്ഷി ചേർക്കണമെന്നും അദ്ദേഹത്തിന്റെ വാദം കേട്ട ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. നേരത്തെ ഓഗസ്റ്റ് 17-ന് കേസ് പരിഗണിച്ചപ്പോഴും, രാഹുൽ ഗാന്ധിക്ക് വാദം കേൾക്കാൻ അവസരം നൽകാതെ ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചതിനെ സുപ്രീം കോടതി വിമർശിക്കുകയും തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
മേയ് മാസത്തിലാണ് വിഗ്നേഷ് ശിശിറിന്റെ പരാതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിബിഐയോടും ഇഡിയോടും നിർദ്ദേശിച്ചത്. തുടർന്ന് ജൂലൈ 20-ന് കേസ് പരിഗണിച്ചപ്പോൾ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ പൂർണ്ണമായും റദ്ദാക്കിയ സുപ്രീം കോടതി, വിഷയം പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
.jpg)

