മകളുടെ മരണത്തിന് പിന്നിൽ ആദിത്യ താക്കറെയും ബോളിവുഡ് താരങ്ങളും : വീണ്ടും അന്വേഷിക്കണമെന്ന് ദിഷ സാലിയന്‍റെ പിതാവ്


മുംബൈ: സെലിബ്രിറ്റി മാനേജരായിരുന്ന ദിഷ സാലിയന്‍റെ മരണം വീണ്ടും അന്വേഷിക്കണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് രംഗത്തെത്തി. ശിവസേന (യു.ബി.ടി) എം.എൽ.എ ആദിത്യ താക്കറെയും അംഗരക്ഷകരും മറ്റുള്ളവരും ചേർന്ന് മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പരാതിയിൽ പറയുന്നത്. മുംബൈ പൊലീസ് കമീഷ്ണർക്കാണ് പരാതി നൽകിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും പിതാവ് സതീഷ് സാലിയൻ കൂടിക്കാഴ്ച നടത്തി. പരാതി പൊലീസ് സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
2020 ജൂണിൽ മലാഡിലെ ഫ്ലാറ്റിന്റെ പതിനാലാം നിലയിൽനിന്ന് വീണാണ് ദിഷ മരിച്ചത്. സുശാന്ത് സിങ് രജ്പുത് ഉൾപ്പെടെയുള്ളവരുടെ മാനേജരായിരുന്നു ദിഷ. ദിഷ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സുശാന്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നത്. ദിഷ മരിക്കുന്നതിനു മുമ്പ് സംഘടിപ്പിച്ച പിറന്നാൾ പാർട്ടിയിൽ ആദിത്യ താക്കറെയും മറ്റു ചിലരും പങ്കെടുത്തെന്നും മകൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് പിതാവ് ആരോപിക്കുന്നത്.

ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, റിയ ചക്രവർത്തി എന്നിവർക്കെതിരെ കേസെടുക്കണം. പ്രതികളെ രക്ഷിക്കാൻ വേണ്ടി പൊലീസ് ഉദ്യോഗസ്ഥർ മരണം ആത്മഹത്യയായി ചിത്രീകരിച്ചു.
ഇതിന് പിന്നിൽ മുൻ പൊലീസ് കമീഷ്ണർ പരം ബീർ സിങ് ആണ്. താൻ നുണപരിശോധനക്ക് തയാറാണെന്നും ആദിത്യ താക്കറെ അതിന് തയാറാകുമോയെന്നും പിതാവ് ചോദിക്കുന്നു. മകളുടെ മരണത്തിൽ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങൾക്കും പങ്കുണ്ടെന്ന് ബോംബെ ഹൈക്കോടതിയിലും ഹരജി നൽകിയിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം.