ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്ക് തുടക്കമായി

Discussions on the Public Examinations Amendment Bill have begun in the Lok Sabha.

ദില്ലി:  ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്ക് തുടക്കമായി. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തെങ്കിലും ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുകയാണ്. ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ നിരീക്ഷിച്ചു.

വിദ്യാർത്ഥികളുടെ ഭാവി ഇനി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും, യു പി എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. 2024-ലെ ബില്ലാണ് ഇപ്പോൾ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വളരെ ശക്തമായ നിയമായിരിക്കും വരികയെന്നും വേഗത്തിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags