വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേട്; നോട്ടീസ് ലഭിച്ചവരില്‍ മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്‍ മുഖ്യമന്ത്രി കെജ്‌രിവാളും

rekha gupta

മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉള്‍പ്പെടെ നോട്ടീസ്. കരട് വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 33.1 ലക്ഷം വോട്ടര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവിലെയും പഴയതുമായ വോട്ടര്‍ പട്ടികയിലെ പേരുകളിലെ വ്യത്യാസം, പിതാവിന്റെ പേരിലോ വോട്ടര്‍ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധുവിന്റെ പേരിലോ ഉള്ള പൊരുത്തക്കേടുകള്‍ അടക്കം 11 തരം പൊരുത്തക്കേടുകളാണ് ദില്ലിയില്‍ കണ്ടെത്തിയിട്ടുള്ളത്. മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.


വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ വോട്ടര്‍മാരുടെ പട്ടിക ദില്ലി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറത്തുവിട്ടു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിനായി നടത്തുന്ന ഹിയറിംഗുകളില്‍ പങ്കെടുത്ത് രേഖകള്‍ ഹാജരാക്കി പരിശോധന പൂര്‍ത്തിയാക്കാവുന്നതാണ്. നിലവിലെയും പഴയതുമായ വോട്ടര്‍ പട്ടികകളിലെ പേരുകളിലെ വ്യത്യാസം, വോട്ടറും മുത്തശ്ശനും/മുത്തശ്ശിയും തമ്മില്‍ 40 വയസ്സില്‍ താഴെയുള്ള പ്രായവ്യത്യാസം, പിതാവിന്റെ പേരിലോ വോട്ടര്‍ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധുവിന്റെ പേരിലോ ഉള്ള പൊരുത്തക്കേടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഷാലിമാര്‍ ബാഗ് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് നമ്പര്‍ 123-ല്‍ ഉള്‍പ്പെട്ട രേഖ ഗുപ്തയുടെ പേര് ഈ പട്ടികയിലുണ്ട്. രക്ഷിതാവും മക്കളും തമ്മില്‍ 15 വയസ്സില്‍ താഴെയുള്ള പ്രായവ്യത്യാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്വെയര്‍ കണ്ടെത്തിയ പൊരുത്തക്കേട്. കെജ്‌രിവാളിനും കെജ്‌രിവാളിന്റെ കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ പേരും അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഗോവിന്ദ് റാം കെജ്‌രിവാള്‍, ഗീതാ ദേവി, ഭാര്യ സുനിത കെജ്‌രിവാള്‍, മകന്‍ പുല്‍കിത് കെജ്‌രിവാള്‍ എന്നിവരുടെ പേരുകളും 'നോ മാപ്പിങ്' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വോട്ടറുടെയോ ബന്ധുക്കളുടെയോ വിവരങ്ങള്‍ നല്‍കിയിട്ടില്ലാത്തതോ അല്ലെങ്കില്‍ മുന്‍ എസ്ഐആര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തതോ ആയ വോട്ടര്‍മാരാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 12 അംഗീകൃത രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കേണ്ടതുണ്ട്.

Tags