ചെന്നൈയില്‍ ദുരിതപ്പെയ്ത്ത്; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് വടക്കന്‍, മധ്യചെന്നൈയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. കോര്‍പറേഷന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പെരമ്പൂര്‍, വ്യാസര്‍പ്പാടി ഭാഗങ്ങളില്‍ നാലടിയോളം വെള്ളം ഉയര്‍ന്നിരുന്നു.ഇവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവര്‍ക്ക് വെള്ളവും ഭക്ഷണപ്പൊതികളും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അധികൃതരുടെ കെടുകാര്യസ്ഥതയില്‍ പെരമ്പൂര്‍ പി.പി. റോഡിന് സമീപം താമസിക്കുന്നവര്‍ ചൊവ്വാഴ്ച രാവിലെ പ്രതിഷേധിച്ചിരുന്നു. വ്യാസര്‍പ്പാടി ഭാഗത്തുള്ളവര്‍ ഉപയോഗിക്കുന്ന അടിപ്പാതയില്‍നിറഞ്ഞ വെള്ളം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ മോട്ടോര്‍വെച്ച് പമ്പുചെയ്ത് മാറ്റാന്‍ തുടങ്ങി.
പട്ടാളം ഭാഗത്ത് വീടുകളില്‍നിന്ന് വെള്ളം നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത് ചൊവ്വാഴ്ച വൈകീട്ടോടെയാണ്.വടക്കന്‍ ചെന്നൈയില്‍ മിഞ്ചൂരിലെ റോഡുകളിലും വീടുകളിലും വെള്ളം കയറി. വേളാച്ചേരിയിലെ രാജലക്ഷ്മി നഗറിലും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം പമ്പുചെയ്ത് മാറ്റാനും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടുവരികയാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാവര്‍ഷവും വെള്ളം ഉയരാറുണ്ടെന്ന് മന്ത്രി പി.കെ. ശേഖര്‍ബാബു പറഞ്ഞു. മുന്‍കാലങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. എന്നാല്‍, ഇത്തവണ അത്രയുമില്ല -സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.വ്യാസര്‍പ്പാടിയില്‍ വെള്ളംകയറാന്‍ കാരണം മേല്‍പ്പാലത്തിന്റെ പണിനടക്കുന്നതിനാലാണെന്നും മന്ത്രി പറഞ്ഞു.
: തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗതം ദുസ്സഹമായി. വടക്കന്‍ ചെന്നൈയുടെയും മധ്യചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്താന്‍ കഴിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടി. വടക്കന്‍ ചെന്നൈയുടെ ഭൂരിഭാഗം റോഡുകളിലും വെള്ളക്കെട്ടാണ്. ചൊവ്വാഴ്ചയും മഴ തുടര്‍ന്നതിനാല്‍ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ല. ബൈക്ക്, കാര്‍ യാത്രികര്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയത്. ബസുകളും വളരെ കുറഞ്ഞവേഗത്തിലാണ് സഞ്ചരിക്കുന്നത്. കൃത്യസമയം പാലിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
വെള്ളക്കെട്ട് പൂര്‍ണമായി നീക്കംചെയ്യാന്‍ ഇനിയും രണ്ടുദിവസംകൂടി എടുക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. അതിനാല്‍ അടുത്തദിവസങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടേക്കും.
മഴ തുടരുന്നതിനാല്‍ ബുധനാഴ്ച ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, ചെങ്കല്‍പ്പെട്ട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
.jpg)


