ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 311.95 കോടി രൂപ അനുവദിച്ചിട്ടും കേരളം അപേക്ഷിച്ചില്ല : നിർമല സീതാരാമൻ
ന്യൂഡൽഹി : ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 311.95 കോടി രൂപ അനുവദിച്ചിട്ടും കേരള സർക്കാർ പണം ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ തയാറായില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരമാൻ ലോക്സഭയിൽ. ഗ്രാന്റ് അനുവദിക്കുന്നതും സംസ്ഥാനം അതിന് അപേക്ഷിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കേരളത്തിന്റെ ഭാഗത്തുനിന്ന് അപേക്ഷയൊന്നും ലഭിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിനും തമിഴ്നാടിനും കേന്ദ്രം നൽകേണ്ട തുക കുടിശ്ശികയായി കിടക്കുന്നത് സംബന്ധിച്ച് തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് എം.പി മാണിക്ക്യം ടാഗോറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
311.95 കോടി രൂപ മൂന്ന് ഇനങ്ങളിലായി കേരളത്തിന് അനുവദിച്ചതാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലകളിൽ അപായ ലഘൂകരണ പദ്ധതിക്കായി 72 കോടി രൂപ, കാട്ടുതീ ലഘൂകരണ പദ്ധതിക്കായി 17.73 കോടി രൂപ, തിരുവനന്തപുരം നഗരത്തിലെ നഗര വെള്ളപ്പൊക്ക റിസ്ക് മാനേജ്മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 222.22 കോടി രൂപ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഈ മൂന്ന് ഇനങ്ങളിലും സംസ്ഥാനം ഒരു രൂപപോലും ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനം ഉദ്ദേശ്യം വ്യക്തമാക്കുമ്പോൾ മാത്രമേ തുക വിട്ടുനൽകൂ. അനുവദിക്കുന്നതും അപേക്ഷിക്കുന്നതും രണ്ട് കാര്യങ്ങളാണ്. കൂടാതെ, അടുത്ത ഘട്ട ഫണ്ട് ലഭിക്കണമെങ്കിൽ സംസ്ഥാനം മുൻ തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
.jpg)


