എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കണം ; സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു
ന്യൂഡൽഹി: എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിന് അനുകൂലമായി സുപ്രിംകോടതി നൽകിയ വിധി മറ്റു സ്‌കൂൾ മാനേജ്‌മെന്റുകൾക്കും ബാധകമാക്കുന്നത് നീതിയുക്തമെന്ന് വ്യക്തമാക്കി കേരള സർക്കാർ സുപ്രിംകോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു. അപേക്ഷ അടിയന്തിരമായി പരിഗണനയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ നിലവിൽ 6,230 ജീവനക്കാർ താത്കാലിക ശമ്പള സ്‌കെയിൽ അടിസ്ഥാനത്തിലും 17,729 പേർ ദിവസവേതന അടിസ്ഥാനത്തിലുമാണ് ജോലി ചെയ്യുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഭിന്നശേഷി സംവരണം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് ഇവരെ സ്ഥിരപ്പെടുത്താൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 5,279 എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളിൽ 1,538 മാനേജ്‌മെന്റുകൾ ഭിന്നശേഷി സംവരണത്തിനായുള്ള തസ്തികകൾ റിപോർട്ട് ചെയ്തിട്ടുണ്ടെന്നും ആകെ 1,542 തസ്തികകളാണ് നിലവിൽ റിപോർട്ട് ചെയ്തിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
tRootC1469263">മറ്റു മാനേജ്‌മെന്റുകൾ കൂടി ഒഴിവുകൾ റിപോർട്ട് ചെയ്യുന്നതോടെ അർഹരായ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യത വർധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. നിലവിൽ ഭിന്നശേഷിക്കാർക്കായുള്ള തസ്തികകൾ കണ്ടെത്തി റിപോർട്ട് ചെയ്ത എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് എൻഎസ്എസ് വിധി ബാധകമാക്കണമെന്നാണ് സർക്കാരിന്റെ പ്രധാന ആവശ്യം. കോടതി ഈ ആവിശ്യം അംഗീകരിച്ചാൽ നിയമന നടപടികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസിൽ സി കെ ശശിയാണ് അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ 90 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തിൽ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുന്നത്. ഒക്ടോബറിലാണ് ആദ്യമായി അപേക്ഷ നൽകിയത്. എന്നാൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടിസ് നൽകിയതായി സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിൽ നവംബറിൽ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചിരുന്നു. ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത്.
.jpg)


