ഡിജിറ്റൽ അറസ്റ്റ്; പദ്‌മഭൂഷൺ ജേതാവായ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മുൻ സെക്രട്ടറിക്ക് നഷ്ടമായത് 57 ലക്ഷം

Cyber ​​crime
Cyber ​​crime

ചെന്നൈ: ഡിജിറ്റൽ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പദ്‌മഭൂഷൺ ജേതാവും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മുൻസെക്രട്ടറിയുമായ ടി. രാമസാമിയുടെ 57 ലക്ഷം കവർന്നു. 77-കാരനായ അദ്ദേഹത്തെ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി സ്ഥിരനിക്ഷേപം മ്യൂൾ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ചെന്നൈ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.

tRootC1469263">

സെപ്റ്റംബർ 11-നാണ് സംഭവത്തിന്റെ തുടക്കം. ടെലികോം വകുപ്പിൽനിന്നാണെന്ന് അറിയിച്ച് ഒരാൾ രാമസാമിയുടെ പഴയ ഡൽഹി നമ്പറിലേക്ക് വിളിക്കുകയായിരുന്നു. മൊബൈൽ സിം ഉടമയ്ക്കെതിരേ ഡൽഹി പോലീസിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയിച്ചത്. താൻ ചെന്നൈയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടറാണെന്ന് പരിചയപ്പെടുത്തി മോഹൻ സിങ് എന്നയാൾ വീഡിയോകോൾ വിളിച്ചു. രാമസാമിയുടെ ആധാർനമ്പർ ഉപയോഗിച്ച് മുംബൈയിലെ കനറാബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി അതുപയോഗിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. 

പിന്നീട് ഫോൺ ഒരു സ്ത്രീയിലേക്കെത്തി. സിബിഐ ഓഫീസറായ കീർത്തി സന്യാൽ എന്ന് സ്വയം പരിചയപ്പെടുത്തിയ അവർ രാമസാമിക്ക് അദ്ദേഹത്തിന്റെ ഫോട്ടോയും ആധാർ നമ്പറും ഉൾപ്പെടുത്തിയുള്ള അറസ്റ്റ് വാറന്റ്‌ കാണിച്ചുകൊടുത്തു. കുറ്റകൃത്യം രഹസ്യമാക്കിവെക്കാനും നിർദേശിച്ചു. ആറു മണിക്കൂറിലധികം സംസാരം നീണ്ടു. അടുത്ത ദിവസവും രാവിലെ ഒൻപതുമുതൽ വൈകീട്ട് 5.30 വരെ ഇതു തുടർന്നു.

രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം 15-ന് ഡൽഹി പോലീസിലെ ആളാണെന്ന പേരിൽ ഒരാൾ വിളിച്ചു. കുറ്റകൃത്യങ്ങളിൽനിന്ന്‌ ഒഴിവാക്കിത്തരാമെന്നും അതിനായി സാമ്പത്തിക പരിശോധനയെന്ന നിലയിൽ മുഴുവൻ സമ്പാദ്യവും സ്ഥിരനിക്ഷേപവും അവർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ഭീഷണി തുടർന്നതിനാൽ രാമസാമി രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്കായി 57 ലക്ഷം രൂപ അയച്ചു. പിന്നീട് തട്ടിപ്പുസംഘം രാമസാമിയുടെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി മൂന്നുകോടി രൂപ നൽകാനാവുമോ എന്നു ചോദിച്ചു. ഇതിൽ സംശയംതോന്നിയ രാമസാമി, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയായിരുന്നു.
 

Tags