ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: വിദ്യാസമ്പന്നർ പോലും ഇരകളാകുന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന 'ഡിജിറ്റൽ അറസ്റ്റ്' സൈബർ തട്ടിപ്പുകളിൽ വിദ്യാസമ്പന്നരായ പൗരന്മാർ തുടർച്ചയായി ഇരകളാകുന്നതിൽ കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് സുപ്രീം കോടതി. മൊബൈൽ ഫോൺ എടുത്ത് ചുവരിലേക്ക് എറിഞ്ഞാൽ തീരുന്ന ഒന്നാണ് ഈ അറസ്റ്റെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വാക്കാൽ രൂക്ഷമായി നിരീക്ഷിച്ചു. വിഷയം സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർണായക നിലപാട് വ്യക്തമാക്കിയത്. നിരന്തരം ബോധവൽക്കരണ പരിപാടികളും മുന്നറിയിപ്പുകളും നൽകിയിട്ടും തട്ടിപ്പുകൾ തടസ്സമില്ലാതെ തുടരുകയാണെന്നും, അടുത്തിടെ ഒരു സ്ത്രീക്ക് 2.5 കോടി രൂപ നഷ്ടമായെന്നും അമിക്കസ് ക്യൂറി എൻ.എസ്. നപ്പിനായ് കോടതിയെ ധരിപ്പിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് മൊബൈൽ ഫോണിലൂടെ അറസ്റ്റിലാകുമെന്ന് വിശ്വസിക്കുന്ന ജനങ്ങളുടെ മനോഭാവത്തെ ചീഫ് ജസ്റ്റിസ് ആശ്ചര്യം പ്രകടിപ്പിച്ചു ചോദ്യം ചെയ്തു. ഭയം കാരണം ആളുകൾ ഒരുതരം ഹിപ്നോട്ടിക് അവസ്ഥയിലാകുന്നുണ്ടെന്ന് മനശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയെങ്കിലും, മുതിർന്നവരും വിദ്യാസമ്പന്നരുമായ ആളുകൾ വീഴുന്നത് അടുത്ത തലമുറയ്ക്ക് എന്ത് മൂല്യമാണ് പകർന്നു നൽകുകയെന്ന് കോടതി ചോദിച്ചു. വ്യാജ കോടതി ഉത്തരവുകൾ കാട്ടിയാണ് ഭീഷണിപ്പെടുത്തുന്നതെങ്കിൽ, ഔദ്യോഗിക വെബ്സൈറ്റുകളിൽ കയറി ഉത്തരവുകൾ പരിശോധിക്കാൻ വളരെ എളുപ്പമാണെന്നും ചീഫ് ജസ്റ്റിസ് ജനങ്ങളെ ഓർമ്മിപ്പിച്ചു.
.jpg)

