"ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് : രാജ്യത്ത് 9,400 വാട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു
ന്യൂഡൽഹി : രാജ്യത്ത് വർധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി 2026 ജനുവരി മുതൽ 12 ആഴ്ചയ്ക്കുള്ളിൽ 9,400ലധികം വാട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തത്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വ്യാജ ലോഗോകൾ തിരിച്ചറിയാനും തട്ടിപ്പ് രീതികൾ മുൻകൂട്ടി കണ്ടെത്താനും ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ വാട്സാപ്പ് നിലവിൽ ഏർപ്പെടുത്തി.
ഡൽഹി പോലീസ്, സിബിഐ, എടിഎസ് തുടങ്ങിയ ഔദ്യോഗിക ഏജൻസികളുടെ പേരിലും ലോഗോയിലും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങൾ കംബോഡിയ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിക്കുന്നതെന്ന് വാട്സാപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പുകൾ തടയാൻ കർശനമായ നിയന്ത്രണങ്ങളാണ് സുപ്രീം കോടതിയിൽ നിർദ്ദേശിച്ചിരിക്കുന്നത്.
സിം കാർഡുകൾ നൽകുന്നതിന് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കുക, തട്ടിപ്പിന് ഉപയോഗിക്കുന്ന സിം കാർഡുകൾ ഉടനടി ബ്ലോക്ക് ചെയ്യുക, സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകൾ തടഞ്ഞുവെക്കുക തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടുന്നു. അപരിചിതരിൽ നിന്ന് ആദ്യമായി സന്ദേശം വരുമ്പോൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും അക്കൗണ്ടിന്റെ പഴക്കം പ്രദർശിപ്പിക്കാനുമുള്ള മാറ്റങ്ങൾ വാട്സാപ്പും അവതരിപ്പിക്കുന്നുണ്ട്. സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഐടി മന്ത്രാലയം, ടെലികോം വകുപ്പ് എന്നിവയുടെ ഏകോപനത്തിലൂടെ തട്ടിപ്പ് ശൃംഖലയെ പൂർണ്ണമായും തകർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
.jpg)

