കണ്ണൂർ സ്വദേശി ബംഗളുരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ പേരാവൂർ സ്വദേശി മരിച്ചു. മുരിങ്ങോടി സ്വദേശി മാലോടൻ ഹൗസിൽ ഷബീർ (38) ആണ് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ടുംകൂർ റോഡ് സോലദേവന ഹളളിയിൽ പ്രവർത്തിക്കുന്ന ഇവരുടെ റസ്റ്റോറന്റ് പൂട്ടി രാത്രി 12.30ഓടെ ജ്യേഷ്ഠൻ സജീറിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മെയിൻ റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക് തിരിയുമ്പോൾ പിന്നാലെ വന്ന സ്കൂട്ടർ ഇവർ സഞ്ചരിച്ച സ്കൂട്ടറിന് നടുവിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു പരിക്കേറ്റ ഷബീറിനെ സപ്തഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.തലയുടെ പിൻഭാഗത്ത് ഏറ്റ മുറിവാണ് മരണത്തിന് കാരണമായത്.
കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ രാമയ്യ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം നടത്തി. ജാലഹളളി പള്ളിയിൽനിന്നും അന്ത്യ കർമ്മങ്ങൾ നടത്തി നാട്ടിലേക്ക് കൊണ്ടുപോകും.പിതാവ്: കെ.വി ഹംസ, മാതാവ്: ഖദീജ. ഭാര്യ: ഫായിസ. മറ്റു സഹോദരങ്ങൾ: ശക്കീർ (ഖത്തർ), സജിന.