ജ്വല്ലറിയിൽ നിന്ന് കാണാതായത് ലക്ഷങ്ങളുടെ വജ്രാഭരണങ്ങൾ ; സിസിടിവിയിൽ 'മോഷ്ടാവിനെ' കണ്ട് അമ്പരന്ന് ഉടമ
ഒരു രാത്രി കൊണ്ട് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കാണാതായതിന്റെ അമ്പരപ്പിലായിരുന്നു കർണാടകയിലെ തുമകുരുവിലെ വിശ്വാസ് ജ്വല്ലറിയിലെ ജീവനക്കാരും ഉടമയും. മോഷണം നടന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഉടമയും ജീവനക്കാരും ആശങ്കയിലായിരിക്കെ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. ആഭരണങ്ങൾ കടത്തിയത് ഒരു കുപ്രസിദ്ധ മോഷ്ടാവല്ല, ആരും പ്രതീക്ഷിക്കാത്ത ഒരു 'കള്ളൻ' ആയിരുന്നു.
ആഭരണങ്ങൾ എങ്ങനെ അപ്രത്യക്ഷമായി എന്ന് ജീവനക്കാർ വെളിപ്പെടുത്തിയതോടെ സംഭവം വൈറലുമായി. ഒരു എലിയാണ് ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ കൊണ്ടുപോയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാവുകയായിരുന്നു.
രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കടയുടെ പൂട്ട് പൊളിച്ചതായോ, ചുമര് തുരന്നതായോ ഒന്നും കണ്ടെത്താനുമായില്ല. പൊലീസിൽ പരാതി നൽകുന്നതിന് മുമ്പായി കടയിലെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മോഷ്ടാവ് ഒരു എലിയാണെന്ന് മനസിലായത്.
എലി ആഭരണങ്ങൾ കടിച്ചുവലിച്ച് മാളത്തിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് മാളം പരിശോധിച്ചപ്പോൾ ഉള്ളിൽ നിന്നും 10 മോതിരങ്ങളും മൂന്ന് ചെയ്‌നുകളുമുൾപ്പെടെ ആഭരണങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടയാണ് ഉടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായത്.
.jpg)

