ധ്രുവ് റാഠിയുടെ വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു; അഭിഭാഷകനെതിരെ കേസ്

dhruv

യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതിന് അഭിഭാഷകനെതിരെ കേസെടുത്തു. മഹാരാഷ്ട്ര മീര ഭയന്ദര്‍ വസയ് വിരാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഏകാധിപത്യ സ്വഭാവമുണ്ടെന്ന് ധ്രുവ് ആരോപിക്കുന്ന വീഡിയോ പങ്കുവെച്ചതിനാണ് പാല്‍ഗഡ് ജില്ലയിലെ വസായിയില്‍ ബാര്‍ അസോസിയേഷന്‍ അംഗമായ ആദേഷ് ബന്‍സോഡെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്) ലിബറേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് ആദേഷ്.'ദ നരേന്ദ്ര മോദി ഫയല്‍സ്: എ ഡിക്ടാറ്റര്‍ മെന്റാലിറ്റി?' എന്ന തലക്കെട്ടോടെയുള്ള വീഡിയോ ആണ് ആദേഷ് വസായ് ബാര്‍ അസോസിയേഷന്‍ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്.
മെയ് 20ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായാണ് ആദേഷ് ഗ്രൂപ്പില്‍ വീഡിയോ പങ്കുവെച്ചത്. വോട്ട് ചെയ്യാന്‍ പോകും മുന്‍പ് കാണുക എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ ഇട്ടത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ അധിക്ഷേപകരമായ വീഡിയോ പങ്കുവച്ചെന്നാരോപിച്ച് അസോസിയേഷന്‍ അംഗമായ മറ്റൊരു അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് കമ്മീഷണര്‍ മധൂകര്‍ പാണ്ഡെ പുറത്തിറക്കിയ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു.
തനിക്കെതിരായ പൊലീസിന്റെ എഫ്‌ഐആര്‍ നിയമവിരുദ്ധമാണെന്ന് ആദേഷ് പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കോടിക്കണക്കിന് മനുഷ്യര്‍ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വീഡിയോ ആണിത്. ഇവര്‍ക്കെതിരെയെല്ലാം പൊലീസ് കേസെടുക്കുമോയെന്നും ആദേഷ് ചോദിച്ചു.

Tags