ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിക്കെതിരെ പത്ത് വകുപ്പുകൾ കൂടി ചുമത്തി
ബെംഗളൂരു: ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയ്‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രത്യേക അന്വേഷണ സംഘം. ഭാരതീയ ന്യായ സംഹിത പ്രകാരം കളളസാക്ഷി പറയൽ, വ്യാജ രേഖ ചമയ്ക്കൽ, തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ പത്ത് കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയത്. ചിന്നയ്യ പറഞ്ഞയിടങ്ങളിൽ നിന്ന് കണ്ടെത്തിയ അസ്ഥികളുടെയും ധർമസ്ഥലയിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ അസ്വാഭാവിക മരണ റിപ്പോർട്ടുകളെക്കുറിച്ചുമുളള അന്വേഷണം പുരോഗമിക്കുകയാണ്.
ചിന്നയ്യ ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ച തലയോട്ടിയുമായി ബന്ധപ്പെട്ടാണ് പുതിയ വകുപ്പുകൾ ചേർത്തിരിക്കുന്നതെന്നും നേരത്തെയുളള കേസിലെ എഫ്‌ഐആറിൽ അവ ചേർത്തിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സിഎൻ ചിന്നയ്യയെ സഹായിച്ച രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം എസ്‌ഐടി റെയ്ഡ് നടത്തിയിരുന്നു. മഹേഷ് ഷെട്ടി തിമറോടിയുടെ ഉജിരെയിലുളള വീട്ടിലാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
കഴിഞ്ഞ രണ്ടുമാസം ചിന്നയ്യയ്ക്ക് മഹേഷ് ഷെട്ടി തിമറോടിയാണ് സ്വന്തം വീട്ടിൽ അഭയം നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ തിമറോടി നിലവിൽ ജാമ്യത്തിലാണ്. ഓഗസ്റ്റ് 23-നാണ് സിഎൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇയാളുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ധർമസ്ഥലയിലെ നിലവിലെ ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ക്ഷേത്രനഗരം നേരിടുന്നതെന്നും അത് ഭക്തർക്കും പ്രദേശവാസികൾക്കും വലിയതോതിൽ ദുഖമുണ്ടാക്കിയെന്നും വീരേന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. സത്യം ജയിക്കുമെന്നും നീതി നടപ്പിലാകുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർത്തു.
.jpg)

