ഡി.ജി.സി.എ നടപടി ; ശൈത്യകാല ഷെഡ്യൂളിൽനിന്നും 130 പ്രതിദിന സർവിസുകൾ ഒഴിവാക്കി ഇൻഡിഗോ

Mumbai Delhi IndiGo flight landed in Ahmedabad due to bomb threat

 ന്യൂഡൽഹി: ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നടപടിക്ക് പിന്നാലെ ശൈത്യകാല ഷെഡ്യൂളിൽനിന്നും 130 ആഭ്യന്തര പ്രതിദിന വിമാന സർവിസുകൾ ഒഴിവാക്കി ഇൻഡിഗോ.

പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി വ്യാപകമായി വിമാന സർവിസുകൾ റദ്ദാക്കിയതിനു പിന്നാലെയാണ് ഡി.ജി.സി.എ ഇൻഡിഗോയുടെ സർവിസുകുടെ എണ്ണത്തിൽ കുറവ് വരുത്തിയത്. അതേസമയം, അന്താരാഷ്ട്ര സർവിസിൽ ഇൻഡിഗോ കുറവ് വരുത്തിയിട്ടില്ല.

tRootC1469263">

ഡൽഹി-മുംബൈ, ഡൽഹി-ബംഗളൂരു, മുംബൈ-ബംഗളൂരു എന്നീ തിരക്കേറിയ പാതകൾ ഒഴിവാക്കി 94 റൂട്ടുകളിൽ 130 പ്രതിദിന സർവിസുകളാണ് ഇൻഡിഗോ കുറച്ചത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് ബംഗളൂരു വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്നതും എത്തുന്നതുമായി 52 സർവിസുകൾ കുറച്ചിട്ടുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിൽനിന്നും 34, ചെന്നൈ വിമാനത്താവളത്തിൽനിന്നും 32, കൊൽക്കത്തയിലും അഹ്മദാബാദിലും 22 വിമാനങ്ങൾ വീതം കുറച്ചു.

ചെന്നൈ-മധുര പാതയിലാണ് കൂടുതൽ സർവിസുകൾ കുറച്ചത്. എട്ട് സർവിസുകൾ ഉണ്ടായിരുന്ന ഈ റൂട്ടിൽ ഇൻഡിഗോ ഇപ്പോൾ മൂന്നെണ്ണം ആയി ചുരുക്കി.

ഗോവ-സൂറത്ത്, ചെന്നൈ-ദുർഗാപുർ റൂട്ടുകളിൽ ഇൻഡിഗോ സർവിസ് പൂർണമായും നിർത്തിവെച്ചു. നിലവിൽ 6.5 ശതമാനം സർവിസുകളാണ് കുറച്ചത്. ഡിസംബർ ആദ്യവാരം 2,008 ആഭ്യന്തര പ്രതിദിന സർവിസുകളായിരുന്നു ഇൻഡിഗോ ഷെഡ്യൂൾ ചെയ്തിരുന്നത്. ഡിസംബർ 29ലെ കണക്കു പ്രകാരം ഇത് 1,878 ആയി കുറച്ചു. 

Tags