ഭാര്യക്ക് എതിരെ വ്യാജ കേസുണ്ടാക്കി തന്റെ രാഷ്ട്രീയഭാവി തകർക്കാൻ ശ്രമമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ഭാര്യക്ക് എതിരെ വ്യാജ കേസുണ്ടാക്കി തന്റെ രാഷ്ട്രീയഭാവി തകർക്കാൻ ഗൂഢാലോചന നടന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. താനുമായി സൗഹൃദം സ്ഥാപിച്ച ‘ഡിസൈനർ’ അവരുടെ പിതാവിന് എതിരെയുള്ള കേസ് പിൻവലിക്കാൻ കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് ഭാര്യ അമൃത ഫഡ്നാവിസ് പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്തതായുള്ള വാർത്തയിൽ പ്രതിപക്ഷ നേതാവ് അജിത് പവാർ നിയമസഭയിൽ വിശദീകരണം ആവശ്യപ്പെട്ടു. അപ്പോഴാണ് ഫഡ്നാവിസ് രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചത്.
ഗൂഢാലോചനയിൽ രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി സംശയിക്കുന്നതായും ഫഡ്നാവിസ് പറഞ്ഞു.
മുംബൈയിലെ വനിത ഡിസൈനർ തനിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകാമെന്ന് വാഗ്ദാനം ചെയ്തതായി ആരോപിച്ച് ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് രംഗത്തുവന്നിരുന്നു. അമൃതയുടെ പരാതിയിൽ അനിക്ഷ എന്ന യുവതിയെയും രണ്ടു ബന്ധുക്കളെയും പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.
അവരുടെ പിതാവിനുമെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും. ബാങ്കറാണ് അമൃത. അനിക്ഷയുടെ പിതാവ് ഉൾപ്പെട്ട ഒരു ക്രിമിനൽ കേസ് പരിഹരിക്കുന്നതിന് തനിക്ക് ഒരു കോടി രൂപ കൈക്കൂലിയായി വാഗ്ദാനം നൽകുകയായിരുന്നുവെന്നാണ് അമൃതയുടെ ആരോപണം.
2015-2016ലാണ് അനിക്ഷ അമൃതയുമായി സൗഹൃദത്തിലായതെന്ന് ഫഡ്നാവിസ് പറഞ്ഞു. തന്റെ മരിച്ചുപോയ അമ്മയെ കുറിച്ച് എഴുതിയ പുസ്തകം അമൃതയെ കൊണ്ട് പ്രകാശനം ചെയ്യിച്ച് സഹതാപം നേടുകയായിരുന്നു. പിന്നീട് അനിക്ഷ രൂപകൽപന ചെയ്ത വസ്ത്രങ്ങളും ആഭരണങ്ങളും അവരുടെ അപേക്ഷപ്രകാരം അമൃത പൊതുചടങ്ങുകളിൽ അണിഞ്ഞു. കൂടുതൽ അടുത്തതോടെ പിതാവിന് എതിരെയുള്ള വ്യാജ കേസ് ഒഴിവാക്കാൻ കോടി രൂപ വാഗ്ദാനവും ചെയ്തു.
നഗരത്തിലെ വാതുവെപ്പുകാരെ കുറിച്ച് പിതാവിന് അറിയാമെന്നും അത് ഉപയോഗിച്ച് അവർക്കെതിരെ റെയിഡ് നടത്തിച്ച് പണമുണ്ടാക്കാമെന്നും അനിക്ഷ അമൃതയോട് പറഞ്ഞു. അതോടെ അവരുടെ നമ്പർ അമൃത ബ്ലോക്ക് ചെയ്തു. എന്നാൽ, മറ്റൊരു നമ്പറിൽനിന്ന് അമൃതക്ക് പണം നൽകി എന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പണം നിറച്ച ബാഗിന്റെ വിഡിയോ അയച്ചു. അന്വേഷണത്തിൽ വിഡിയോ കൃത്രിമമാണെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു.