‘ജനാധിപത്യത്തിൻറെ വിജയം’ ; മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടതിനു പിന്നാലെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതിനെ ജനാധിപത്യത്തിൻറെ വിജയമെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. രാജ്യത്തിന്റെ ഫെഡറൽ ഘടന മാറ്റിമറിക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
ലോക്സഭയിൽ ഭരണഘടന ഭേദഗതി ബില്ലിനു അനുകൂലമായി 298 പേർ വോട്ടു ചെയ്തപ്പോൾ, 230 എം.പിമാർ എതിർത്തു വോട്ടുചെയ്തു. ഹാജരുള്ളവരിൽ മൂന്നിൽ രണ്ടുപേരുടെ ഭൂരിപക്ഷത്തിന് 352 വോട്ട് വേണമായിരുന്നു. ആദ്യമായാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഒരു ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത്. ‘ഇന്നലെ നടന്നത് ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. ഫെഡറൽ ഘടന മാറ്റിമറിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിൻറെ ഗൂഢാലോചന പരാജയപ്പെടുത്തി. ഇത് ഭരണഘടനയുടെ വിജയം, രാജ്യത്തിന്റെ വിജയം, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം -അത് ഭരണകക്ഷി നേതാക്കളുടെ മുഖങ്ങളിൽ വ്യക്തമായി കാണാമായിരുന്നു’ -പ്രിയങ്ക ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതൊരു ഗൂഢാലോചനയാണെന്ന് കരുതുന്നു -എങ്ങനെയും അധികാരത്തിൽ തുടരാനുള്ള ആഗ്രഹം... അതിനായി, സ്ത്രീകളെ ഉപയോഗിച്ച് അധികാരത്തിൽ തുടരാനാണ് അവർ പദ്ധതിയിട്ടത്... ബിൽ പാസ്സായാൽ ജയിക്കാം, പാസായില്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളെ സ്ത്രീ വിരുദ്ധർ എന്ന് മുദ്രകുത്തി സ്ത്രീകളുടെ രക്ഷകരാകാം എന്ന് അവർ കരുതി... സ്ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമല്ലെന്ന് നമ്മുക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു. 2023ൽ ഏകകണ്ഠമായി പാസാക്കിയ ബിൽ തിരിച്ചുകൊണ്ടുവരണമെന്നും പ്രിയങ്ക കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
.jpg)

