ഓട്ടോറിക്ഷയില്‍ പ്രസവം; യുവതി ജന്മം നല്‍കിയ നാല് നവജാതശിശുക്കള്‍ക്കും ദാരുണാന്ത്യം

baby leg

യുവതിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബം ഉടൻ തന്നെ 108 ആംബുലൻസ് സേവനത്തെ ബന്ധപ്പെട്ടിരുന്നു.

മധ്യപ്രദേശില്‍ ആംബുലൻസ് കൃത്യസമയത്ത് ലഭ്യമാകാത്തതിനെത്തുടർന്ന്  യുവതി ഓട്ടോറിക്ഷയില്‍ ജന്മം നല്‍കിയ നാല് നവജാതശിശുക്കള്‍ മരിച്ചു. മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലാണ് സംഭവം. പ്രസവത്തിന് തൊട്ടുപിന്നാലെ അകാലത്തില്‍ ജനിച്ച നാല് നവജാതശിശുക്കളും മരണപ്പെട്ടു.

മണ്ട്‌ല ജില്ലയിലെ ബിഛിയ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന നൈഗൻവ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഏഴുമാസം ഗർഭിണിയായ രാജ്‌നി സിംഗ്രാം (28) എന്ന യുവതിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബം ഉടൻ തന്നെ 108 ആംബുലൻസ് സേവനത്തെ ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് എത്താതിരുന്നതോടെ ഒരു സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്ത് ഇവരെ അടുത്തുള്ള ഘൂട്ടാസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച്‌ ഡോക്ടർമാർ ഇവരെ ബിഛിയയിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് റഫർ ചെയ്തു. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച്‌ യുവതി നാല് കുട്ടികള്‍ക്കും ജന്മം നല്‍കുകയായിരുന്നു.

Tags