പ്രതിഷേധ മാർച്ച് മാറ്റിവെക്കണം: രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും ഡൽഹി വ്യാപാരികളുടെ കത്ത്; മറുപടിയുമായി രാഹുൽ
ന്യൂഡൽഹി: നവംബർ 1-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ മാർച്ച് നവംബർ 10 വരെയെങ്കിലും മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരി സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കത്തയച്ചു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷോപ്പിംഗ് സീസൺ നടക്കുന്ന സമയമായതിനാൽ ചാന്ദ്നി ചൗക്ക്, സദാർ ബസാർ, ഖാരി ബാവോലി, ഭഗീരഥ് പാലസ് തുടങ്ങിയ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ കച്ചവടത്തെ പ്രതിഷേധം ഗുരുതരമായി ബാധിക്കുമെന്ന് സി.ഐ.ടി ചൂണ്ടിക്കാട്ടി. സമരം നടക്കുന്ന ദിവസം 10 ലക്ഷത്തോളം ആളുകളും 20,000-ത്തോളം വാഹനങ്ങളും എത്തുന്നതോടെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
എന്നാൽ വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിച്ച രാഹുൽ ഗാന്ധി, പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാൻ വഴിയുണ്ടെന്ന് എക്സിലൂടെ (X) വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്നും, അങ്ങനെ ചെയ്താൽ വെറും 30 സെക്കൻഡിനുള്ളിൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നുമാണ് രാഹുൽ ഗാന്ധി കുറിച്ചത്.
.jpg)


