വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും


ബില്ലിനെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ കൂടി കോടതിയെ സമീപിച്ചിട്ടുണ്ട്
ഡൽഹി : വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരാണ് ഹർജി പരിഗണിക്കുക. മുസ്‌ലിം ലീഗ്, മുസ്ലിം വ്യക്തി നിയമബോഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി,സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, കോൺഗസ് എം പി മുഹമ്മദ് ജാവേദ് തുടങ്ങി 70 ലധികം ഹർജികളാണ് കോടതി പരിഗണിക്കുക.
ബില്ലിനെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ കൂടി കോടതിയെ സമീപിച്ചിട്ടുണ്ട്. ബിൽ ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ നൽകണമെന്നുമാണ് എല്ലാ ഹർജിക്കാരുടെയും ആവശ്യം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ബംഗാളിൽ മൂർഷിദാബാദിലും 24 പർഗാനാസിലും സംഘർഷം അവസാനിച്ചിട്ടില്ല.

വഖഫ് നിയമത്തെ പിന്തുണച്ച് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അസം, മഹാരാഷ്ട്ര, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയ സമീപിച്ചത്. ഒരുകാരണവശാലും സുപ്രീംകോടതി നിയമം സ്റ്റേ ചെയ്യരുതെന്നും മൂന്ന് സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് നിലവിൽ സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷിചേരാനാണ് സംസ്ഥാനങ്ങൾ സമീപിച്ചിരിക്കുന്നത്.