ഡല്‍ഹിയില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

45

മുടങ്ങിക്കിടക്കുകയായിരുന്ന രണ്ട് മാസത്തെ ശമ്പളം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ജോലി കൂടി പൂര്‍ത്തിയാക്കിയാല്‍ സാലറി തരാമെന്ന് അധികൃതര്‍ നിബന്ധന വെച്ചതായി ദലിത് ആദിവാസി ശക്തി അധികാര്‍ മഞ്ച് (ഡിഎഎസ്‌എഎം) പറഞ്ഞു.

ഡല്‍ഹി: ഡല്‍ഹിയില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം.വാരാഹുല്‍(32) എന്ന ശുചീകരണ തൊഴിലാളിയാണ് ജോലിക്കിടെ മരണപ്പെട്ടത്. മതിയായ സുരക്ഷാ സംവിധാനങ്ങളോ യാന്ത്രിക പിന്തുണയോ കൂടാതെ എട്ടടിയോളം ആഴമുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

കഴിഞ്ഞ മാസം 30-നാണ് സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയില്‍ പെടുന്ന ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിന് പിന്നാലെ തൊഴിലിടങ്ങളിലെ ജാതീയമായ വേര്‍തിരിവുകളെ കുറിച്ചും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മുടങ്ങിക്കിടക്കുകയായിരുന്ന രണ്ട് മാസത്തെ ശമ്പളം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ജോലി കൂടി പൂര്‍ത്തിയാക്കിയാല്‍ സാലറി തരാമെന്ന് അധികൃതര്‍ നിബന്ധന വെച്ചതായി ദലിത് ആദിവാസി ശക്തി അധികാര്‍ മഞ്ച് (ഡിഎഎസ്‌എഎം) പറഞ്ഞു. തുടര്‍ന്ന്, വിഷാംശമുള്ള മീഥൈനും ഹൈഡ്രജന്‍ സള്‍ഫൈഡും അടങ്ങിയ അന്തരീക്ഷത്തിലേക്ക് ഇറങ്ങാന്‍ രാഹുല്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്ന് കുടുംബവും ദൃക്‌സാക്ഷികളും പറഞ്ഞു.

തന്റെ സഹായിയുമായി ഡ്രൈനേജിലിറങ്ങിയ രാഹുല്‍ വൈകാതെ ബോധരഹിതനായി വീഴുകയും ചെയ്തു. അബോധാവസ്ഥയില്‍ രാഹുല്‍ ഓടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കൂട്ടാളി അറിയിച്ചിട്ടും രണ്ട് മണിക്കൂറെടുത്തു അദ്ദേഹത്തെ പുറത്തെത്തിക്കാന്‍. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

Tags