ഡൽഹി കലാപം ; കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനെ എതിർത്ത് പൊലീസ് കോടതിയിൽ


ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ 2020ലുണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്ന ഡൽഹിയിലെ പുതിയ ബി.ജെ.പി സർക്കാറിലെ മന്ത്രി കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനെ എതിർത്ത് പൊലീസ് കോടതിയിൽ.
കപിൽ മിശ്രയെ കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് കലാപത്തിലെ ഇരയായ യമുന വിഹാർ സ്വദേശി മുഹമ്മദ് ഇല്യാസ് നൽകിയ ഹരജിയിലാണ് പൊലീസ്, കേസിനെ എതിർത്ത് സത്യവാങ്മൂലം ഫയൽ ചെയ്തത്. കലാപത്തിൽ കപിൽ മിശ്രക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹത്തെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു.
കപിൽ മിശ്രക്കെതിരായ കലാപാഹ്വാന കേസ് അന്വേഷിക്കുന്നതിൽ ഒന്നുകിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്നും അല്ലെങ്കിൽ അവരത് മൂടിവെച്ചുവെന്നും ഡൽഹി കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കപിൽ മിശ്രയെ കൂടാതെ, ദയാൽപൂരിലെ സ്റ്റേഷൻ പൊലീസ് ഓഫിസർ, ബി.ജെ.പി എം.എൽ.എ മോഹൻ സിങ് ബിഷ്ട്, ബി.ജെ.പി മുൻ എം.എൽ.എമാരായ ജഗദീഷ് പ്രധാൻ, സത്പാൽ സൻസദ് എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇല്യാസ് കോടതിയെ സമീപിച്ചത്.
പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാർക്കുനേരെ കപിൽ ശർമ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ വംശീയാതിക്രമം പൊട്ടിപ്പുറപ്പെടുന്നത്. വടക്കു കിഴക്കൻ ഡൽഹിയിൽപ്പെട്ട ജാഫറാബാദിലെ പൗരത്വ സമരക്കാരെ മൂന്ന് ദിവസത്തിനുള്ളിൽ ഒഴിപ്പിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ താൻ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് കപിൽ മിശ്ര മുന്നറിയിപ്പ് നൽകി.

ശേഷം, ഡൽഹി പൊലീസിനെ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന വിഡിയോ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് 53 പേർ കൊല്ലപ്പെട്ട വംശീയാതിക്രമം പൊട്ടിപ്പുറപ്പെടുന്നത്. കലാപബാധിത പ്രദേശമായ കരാവൽ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കപിൽ മിശ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു.