ഡൽഹി കലാപക്കേസ്; ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

SharjeelImam

ന്യൂഡൽഹി: ദൽഹി കലാപ ഗൂഢാലോചനാ കേസിൽ ഷർജീൽ ഇമാമിന് സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാർച്ച് 20 മുതൽ 30 വരെ ഇടക്കാല ജാമ്യം ലഭിച്ചു. പത്ത് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ആറ് ആഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് ഷർജീൽ ഇമാം ഹർജി സമർപ്പിച്ചത്. 

ഇതു പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബജ്‌പായ് മാർച്ച് 20 മുതൽ മാർച്ച് 30 വരെ ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിരിക്കെ മാധ്യമങ്ങളുമായി ബന്ധപ്പെടുകയോ സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ ചെയ്യരുതെന്നും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2020 ജനുവരി മുതൽ ഷർജീൽ ഇമാം ജയിലിലാണ്. 2025 സെപ്റ്റംബർ രണ്ടിന് ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് പതിവ് ജാമ്യം നിഷേധിക്കുകയും 2026 ജനുവരി അഞ്ചിന് സുപ്രീംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു. 2020ൽ സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഷർജീൽ ഇമാം, ഉമർ ഖാലിദ് ഉൾപ്പടെ എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. 2020ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നാലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിലാണ് ഷർജീൽ ജയിലിൽ കഴിയുന്നത്.

Tags