ഡൽഹി കലാപക്കേസ് : കപിൽ മിശ്രക്കെതിരായ തുടരന്വേഷണം വിലക്കി ഡൽഹി കോടതി


ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ നിയമമന്ത്രി കപിൽ മിശ്രക്കെതിരായുള്ള തുടരന്വേഷണത്തിന് ഡൽഹി കോടതിയുടെ താൽക്കാലിക സ്റ്റേ. മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ കപിൽ മിശ്രയുടെ അപ്പീലിലാണ് പ്രത്യേക ജഡ്ജി കാവേരി ബവേജയുടെ ഉത്തരവ്. ഏപ്രിൽ 21 വരെയാണ് സ്റ്റേ. സംഭവത്തിൽ പരാതിക്കാരനായ മുഹമ്മദ് ഇല്യാസിന് കോടതി നോട്ടീസ് അയച്ചു. ഇല്യാസിൻറെ ഹരജിയിലാണ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.
2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമവുമായി (സി.എ.എ) ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് മിശ്രക്കും ബി.ജെ.പി എം.എൽ.എമാർ ഉൾപ്പെടെയുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഇല്യാസ് ആവശ്യപ്പെട്ടിരുന്നു.
