ഡല്‍ഹി പൊലീസിന് തിരിച്ചടി;ഐഷിഘോഷിനെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി

aishu

അഞ്ച് വര്‍ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു

ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

അഞ്ച് വര്‍ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. ഐഷി നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് റദ്ദാക്കിക്കൊണ്ടുള്ള നടപടി. നേരത്തെ അയച്ച സമൻസില്‍ ഹാജരാകാത്തതിന് പിഴ അടക്കണമെന്നും നിർദേശമുണ്ട്.

2021 ൽ ദില്ലി ബാം​ഗ്ല ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പട്യാല ഹൗസ് കോടതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. ഒരുതവണ ഐഷി ഹാജരാകാതിരുന്നതിനെ തുട‍‍‍ർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ കോടതിയെ സമീപിക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള പോലീസ് നടപടിയെന്നും ജന്തർ മന്തറിലെ സമരത്തിന്റെ മുഖങ്ങളിലൊന്നായ ഐഷി ഘോഷിനെതിരായ പ്രതികാര നടപടിയാണിതെന്നാണ് സിപിഎം വിമർശനം.

സ്വകാര്യ വാഹനത്തില്‍ യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെയായിരുന്നു ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥ എത്തിയത്. എകെജി ഭവനില്‍ എത്തിയ ജോണ്‍ ബ്രിട്ടാസ് എംപി ഇത് ചോദ്യം ചെയ്തു. ഇതോടെ പൊലീസ് സംഘം മടങ്ങി. പൊലീസ് നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഈ സംഭവത്തിന് ശേഷമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി കോടതിയെ സമീപിച്ചത്.

Tags