ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണം; മലാല യൂസഫ്സായി


ഇരുരാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് താൻ അഗാധമായ അനുശോചനം അറിയിക്കുന്നെന്നും മലാല പ്രതികരിച്ചു
ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. ഇതിനായി നേതാക്കൾ മുന്നോട്ട് വരണമെന്ന് മലാല ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണ്. വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണെന്ന് മലാല എക്സിലൂടെ പറഞ്ഞു.
സാധാരണക്കാരായ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കന്മാരോട് ഞാൻ അഭ്യർഥിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് താൻ അഗാധമായ അനുശോചനം അറിയിക്കുന്നെന്നും മലാല പ്രതികരിച്ചു.
