ഹോട്ടലുകളിൽ നിർബന്ധിത സർവീസ് ചാർജ് ഈടാക്കരുതെന്ന് ആവർത്തിച്ച് ഡൽഹി ഹൈക്കോടതി; ഇടക്കാല സംരക്ഷണമില്ല

Delhi High Court reiterates that hotels should not charge mandatory service charge; no interim protection

ന്യൂഡൽഹി: ഹോട്ടലുകളിലും ഭക്ഷണശാലകളിലും ബില്ലിനൊപ്പം നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കരുതെന്ന് ഡൽഹി ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. ചില ഹോട്ടലുകൾ ഇപ്പോഴും ബില്ലിനൊപ്പം സർവീസ് ചാർജ് നിർബന്ധമാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചപ്പോഴാണ്, ഇക്കാര്യത്തിൽ ഭക്ഷണശാലകൾക്ക് യാതൊരു ഇളവോ ഇടക്കാല സംരക്ഷണമോ നൽകിയിട്ടില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വസുദേവ് സമ്പ്രെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (CCPA) മാർഗരേഖ കഴിഞ്ഞ വർഷം മാർച്ചിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഭക്ഷണം കഴിക്കാനെത്തുന്നവരിൽ നിന്ന് നിർബന്ധപൂർവം സർവീസ് ചാർജ് വാങ്ങുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഈ വിധിക്കെതിരെ നാഷണൽ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI), ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (FHRAI) എന്നീ സംഘടനകൾ നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ നൽകിയിട്ടില്ല.

ഭക്ഷണബില്ലിൽ നിർബന്ധപൂർവം സർവീസ് ചാർജ് ഉൾപ്പെടുത്തുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് 2022 ജൂലൈ നാലിനാണ് കേന്ദ്രം വിലക്ക് ഏർപ്പെടുത്തി മാർഗരേഖ പുറത്തിറക്കിയത്. ഇതിനെതിരെ ഹോട്ടലുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. സർവീസ് ചാർജ് ഇനത്തിൽ ലഭിക്കുന്ന തുക ജീവനക്കാരുടെ ക്ഷേമത്തിനാണ് വിനിയോഗിക്കുന്നതെന്നാണ് ഹോട്ടലുടമകളുടെ പ്രധാന വാദം. ഭക്ഷണം വിളമ്പുന്നയാൾക്ക് നേരിട്ട് ടിപ്പ് നൽകിയാൽ അത് അയാൾക്ക് മാത്രമേ ലഭിക്കൂ എന്നും, എന്നാൽ സർവീസ് ചാർജ് എല്ലാ ജീവനക്കാർക്കുമായി വീതിച്ചു നൽകാൻ സാധിക്കുമെന്നും ഉടമകൾ വാദിക്കുന്നു.

Tags