ബക്രീദിന് കന്നുകാലികളെ കശാപ്പ് ചെയ്താൽ ശിക്ഷാനടപടി ; ഡൽഹി സർക്കാർ
ന്യൂഡൽഹി: പെരുന്നാളിന് കന്നുകലികളെ കശാപ്പ് ചെയ്താൽ ശിക്ഷാ നടപടിയെന്ന് ഡൽഹി സർക്കാർ. പശുക്കൾ, കാളക്കുട്ടികൾ, ഒട്ടകങ്ങൾ എന്നിവയെ ബലിയർപ്പിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. പൊതുവഴികളിലോ, പാതകളിലോ, പൊതുസ്ഥലങ്ങളിലോ മൃഗബലി നടത്താൻ പാടില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ളതും അനുവദനീയവുമായ പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ബലി കർമ്മങ്ങൾ നടത്താവൂ എന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
മൃഗബലിക്ക് ശേഷം രക്തം അഴുക്കുചാലുകളിലേക്കോ തെരുവുകളിലേക്കോ ഒഴുക്കിവിടുന്നതും അവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നതും കർശനമായി നിരോധിച്ചു. തെരുവുകളിലോ, ചന്തകളിലോ, റോഡരികുകളിലോ നിയമവിരുദ്ധമായി മൃഗങ്ങളെ വാങ്ങാനോ വിൽക്കാനോ പാടില്ല. അംഗീകൃത വിപണികളിൽ നിന്ന് മാത്രമേ മൃഗങ്ങളെ വാങ്ങാവൂ എന്നും സർക്കാർ ഉത്തരവിട്ടു.
മാലിന്യ സംസ്കരണ, മൃഗബലി നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കഠിനമായ ക്രിമിനൽ ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് ഡൽഹി വികസന മന്ത്രി കപിൽ മിശ്ര അറിയിച്ചു. മുമ്പ് കൻവാർ യാത്രയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മാതൃകയിൽ ഡൽഹിയിലും ഇറച്ചിക്കടകൾ പൂട്ടിയിരുന്നു. ശിവഭക്തരുടെ വാർഷിക തീർഥാടനം കടന്നുപോകുന്ന വഴികളിൽ ഇറച്ചിക്കടകൾ അടച്ചിടണമെന്നായിരുന്നു സർക്കാർ ഉത്തരവ്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് സർക്കാർ രാമനവമിക്കും ഇറച്ചിക്കടകൾക്ക് പൂട്ടിട്ടിരുന്നു. ഉത്തരേന്ത്യയിലെ നവരാത്രിയോടനുബന്ധിച്ച് വാരണാസിയിൽ ഈദ് ദിനത്തിലുൾപ്പെടെ ഇറച്ചിക്കടകൾ അടച്ചിടണമെന്ന് ഉത്തരവിറക്കിയിരുന്നു.
.jpg)

