ഡൽഹിയിൽ ഇ-റിക്ഷാ യാത്രാനിരക്ക് വർധിപ്പിക്കാൻ തീരുമാനമായി
രാജ്യതലസ്ഥാനത്ത് ദീർഘകാലത്തിന് ശേഷം ഇലക്ട്രിക് റിക്ഷകളുടെ യാത്രാനിരക്ക് വർധിപ്പിക്കാൻ തീരുമാനമായി. അടുത്ത മാസം മുതൽ മിനിമം നിരക്ക് 20 രൂപയായാണ് ഉയർത്തുന്നത്. ഡൽഹി ഗതാഗത മന്ത്രി പങ്കജ് കുമാർ സിങ്ങുമായി ഇ-റിക്ഷാ മേഖലയിലെ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഡ്രൈവർമാരുടെ ഫെഡറേഷൻ ഈ പ്രഖ്യാപനം നടത്തിയത്. 2010 മുതൽ നഗരത്തിൽ സർവീസ് നടത്തുന്ന ഇ-റിക്ഷകളുടെ നിരക്കിൽ ഇതുവരെ മാറ്റം വരുത്തിയിരുന്നില്ല. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ പത്ത് രൂപ മിനിമം നിരക്കിൽ മുന്നോട്ട് പോകാനാവില്ലെന്നാണ് ഡ്രൈവർമാരുടെ സംഘടന വ്യക്തമാക്കുന്നത്.
നിരക്ക് വർദ്ധനയോടൊപ്പം തന്നെ ഇ-റിക്ഷാ മേഖലയിൽ നിർണായകമായ ചില നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനികൾക്ക് ഒന്നിലധികം വാഹനങ്ങൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയിരുന്ന പഴയ സർക്കുലർ ഗതാഗത വകുപ്പ് പിൻവലിച്ചു. ഈ മേഖലയിലെ കുത്തകവത്കരണം ഒഴിവാക്കി സാധാരണക്കാരായ ഡ്രൈവർമാർക്ക് സ്വയംതൊഴിൽ കണ്ടെത്താനുള്ള സാഹചര്യം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഡൽഹിയിൽ ഏകദേശം മൂന്നര ലക്ഷത്തോളം ഇ-റിക്ഷകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനത്തോടെ സ്വന്തമായി വാഹനമുള്ള ഡ്രൈവർമാർക്ക് കൂടുതൽ സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് സർക്കാർ കരുതുന്നു.
.jpg)

